രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനംചെയ്ത കൂലി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് . ശ്രുതി ഹാസനാണ് ചിത്രത്തിലെ നായികയായയെത്തിയത്. സിനിമ കാണാൻ തിയറ്ററിലെത്തിയ ശ്രുതിയെ ആളറിയാതെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞുവെച്ച സംഭവമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. സിനിമയുടെ റിലീസ് ദിവസമാണിത് നടന്നത്.
സുഹൃത്തുക്കൾക്കൊപ്പം ശ്രുതി ഹാസൻ തിയേറ്ററിലെത്തിയപ്പോൾ ഇവരുണ്ടായിരുന്ന കാർ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. രസകരമായാണ് ശ്രുതി ഇതിനോട് പ്രതികരിച്ചത്. ‘ഞാൻ ഈ സിനിമയിലുണ്ട്, ദയവായി എന്നെ കടത്തി വിടൂ അണ്ണാ, ഞാൻ ഈ പടത്തിലെ നായികയാണ്’ എന്നാണ് ശ്രുതി സെക്യൂരിറ്റിയോട് പ്രതികരിച്ചത്. താരത്തിന്‍റെ അപേക്ഷ കേട്ട് പൊട്ടിച്ചിരിക്കുന്ന സുഹൃത്തുക്കളേയും വിഡിയോയിൽ കാണാം.
രജനീകാന്തിന്‍റെ കരിയർ തുടങ്ങി 50 വർഷമായ വേളയിൽ എത്തിയ ചിത്രമാണ് കൂലി. പ്രീതി എന്ന കഥാപാത്രമായാണ് ശ്രുതി ഹാസൻ എത്തിയത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ആമിർ ഖാൻ, രചിത റാം, സത്യരാജ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ.