രാഷ്ട്രീയമായ ഉടച്ചുവാർക്കലിലൂടെയാണ് സ്ത്രീ പ്രാതിനിധ്യമുള്ള അമ്മയുടെ പുതിയ ഭരണസമിതി ചരിത്രമാകുന്നത്. ഡബ്ല്യു.സി.സിയിലെ വനിതകളെ സംഘടനയിലേക്ക് തിരികെ സ്വാഗതം ചെയ്ത് പ്രസിഡൻ്റ് ശ്വേത മേനോൻ നിലപാട് വ്യക്തമാക്കി. പിന്നിട്ട വഴികളേക്കാൾ കാഠിന്യമേറിയ വഴികളാണ് തലപ്പത്തെത്തിയ വനിതകളെ കാത്തിരിക്കുന്നത്.
പത്രിക നൽകിയപ്പോഴേ വലിച്ചു താഴെയിട്ട് ചവിട്ടിക്കൂട്ടാൻ ഉന്നയിച്ച സകല വിമർശനങ്ങളെയും തള്ളിയാണ് ശ്വേതയെയും കുക്കുവിനെയും സംഘടനയുടെ തലപ്പത്ത് അംഗങ്ങൾ പ്രതിഷ്ഠിച്ചത്.
അമ്മയുടെ 31 വർഷത്തെ ചരിത്രം തിരുത്തിയെഴുതിയതിൽ കലഹിച്ച് പുറത്തുപോയി രൂപപ്പെട്ട ഡബ്ല്യു.സി.സിക്കാർക്ക് വലിയ പങ്കുണ്ട്. അവർ ഉയർത്തിയ രാഷ്ട്രീയ ശരിയുടെ പിൻപറ്റി ചിന്തകളിൽ തീകോരിയിട്ട അമ്മ അംഗങ്ങളിൽ സ്ത്രീ പുരുഷ വ്യത്യാസമില്ല.
ഇരയ്ക്കും വേട്ടക്കാരനുമൊപ്പംനിന്ന് ചിരിച്ചവരെ തിരിച്ചറിഞ്ഞു. വിജയ് ബാബുവിനെതിരെ ലൈംഗിക ആരോപണം ഉയർന്നപ്പോൾ നടപടി വേണമെന്ന് ആവശ്യപ്പെട്ട അമ്മ ഐ.സി. കമ്മറ്റി അധ്യക്ഷയായിരുന്നു ശ്വേത. ആ ശുപാർശ തള്ളിയ പുരുഷ മേധാവിത്വത്തിന് മുന്നിലാണ് ഇന്ന് ശ്വേത പ്രസിഡൻ്റിൻ്റെ കസേര വലിച്ചിട്ടിരുന്നത്.
ധാർമ്മികത ഉയർത്തി രാജിവെച്ച മുൻ ഭരണസമിതിയിലെ ആരോപണവിധേയനായ ബാബുരാജ് ഇക്കുറി വീണ്ടും പത്രിക നൽകിയപ്പോഴും മിണ്ടാത്തവരാണ് കുക്കുവിനും ശ്വേതയ്ക്കെതിരെ മെമ്മറി കാർഡ് വിവാദവും അശ്ലീല സിനിമ പരാതികളും ഉയർത്തിവിട്ടതെന്ന വിലയിരുത്തലും സംഘടനയുടെ വോട്ടിംഗിനെ സ്വാധീനിച്ചു. ആ ഫലമാണ് ചരിത്രവിധി എഴുതിയത്.