രമേശ് സിപ്പി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ ഷോലെ പ്രേക്ഷകരിലെത്തിയിട്ട് 50 വര്‍ഷം. 1975 ഓഗസ്റ്റ് 15 ന് വെള്ളിത്തിരയില്‍ എത്തിയ ചിത്രം ഭാഷാഭേദമില്ലാതെ പ്രേക്ഷകരെ ഇന്നും ആവേശം കൊള്ളിക്കുന്നു.
അരനൂറ്റാണ്ടിന് ശേഷവും പ്രഭാവം നഷ്ടപ്പെടാത്ത ചിത്രം.ക്രൂരനായ ഗബ്ബര്‍സിങ് എന്ന കൊളളക്കാരനെ പിടികൂടാന്‍ ഒരു റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ താക്കുര്‍, കുറ്റവാളികളായ വീരു, ജയ് എന്നിങ്ങനെ രണ്ടു യുവാക്കളെ കൂട്ടുപിടിക്കുന്നു, കൃത്യം നിര്‍വഹിക്കുന്നു.
തിരക്കഥാകൃത്തുക്കളായ സലിംഖാന്റെയും ജാവേദ്ന്റെയും തൂലികയില്‍ പിറന്ന ആ കൊച്ചു കഥ സിനിമാസങ്കല്‍പ്പങ്ങളെ തന്നെ പൊളിച്ചെഴുതിയ കാഴ്ചയാണ് ഇന്ത്യന്‍ സിനിമാലോകം കണ്ടത്.സിനിമാ പ്രേമികളുടെ മനസില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു ഷോലെയിലെ ഓരോ കഥാപാത്രങ്ങളും.
അമിതാഭ് ബച്ചന്‍ എന്ന നടനെ സൂപ്പര്‍താര പദവിയിലെത്തിച്ചതും വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച അംജദ് ഖാന്‍ എന്ന നടന്റെ ഗ്രാഫ് മാറ്റിയതും ‘ഷോലെ’യിലൂടേ.70- കളിലെ മൾട്ടി സ്റ്റാർ യുഗം, ബോളിവുഡിൽ ആരംഭിക്കുന്നതും ഷോലെയിലൂടെയാണ്.
ആക്ഷന്‍ ത്രില്ലര്‍ എന്നതിനപ്പുറം ഹൃദ്യമായ പ്രണയവും സിനിമ പറഞ്ഞു പോകുന്നു.അന്‍പത് വര്‍ഷം തികയുമ്പോഴും ചിത്രത്തിലെ ഗാനങ്ങളും ഈണങ്ങളും ഇന്നും പുതുമയോടെ നിൽക്കുന്നു.
അഞ്ചുവർഷം തുടർച്ചയായി നിറഞ്ഞ സദസ്സിൽ ദിവസേന മൂന്ന് ഷോ വീതം പ്രദർശിപ്പിച്ച ഏക ചലച്ചിത്രമെന്ന റെക്കോർഡും തീർത്തു.