Image Credit: AFP
അഭിനയത്തിന്‍റെ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തനിക്ക് ആശംസകള്‍ അറിയിച്ചവര്‍ക്ക് സ്നേഹക്കുറിപ്പുമായി സ്റ്റൈല്‍ മന്നന്‍ രജിനീകാന്ത്. പ്രേക്ഷകരുടെ സ്നേഹമാണ് തന്നെ ജീവിപ്പിക്കുന്നതെന്നും ഊര്‍ജം പകരുന്നതെന്നും കുറിച്ച താരം രാഷ്ട്രീയ–ചലച്ചിത്രമേഖലയിലെ പ്രിയപ്പെട്ടവര്‍ക്കെല്ലാം പേരെടുത്ത് പറഞ്ഞ് നന്ദി അറിയിച്ചിട്ടുണ്ട്.
'പ്രിയ സുഹൃത്തും മുഖ്യമന്ത്രിയുമായ സ്റ്റാലിന്‍, ഉപ മുഖ്യമന്ത്രി ഉദയനിധി, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി, ബിജെപി നേതാവ് നയനാര്‍ നാഗേന്ദ്രന്‍, സുഹൃത്തുക്കളായ അണ്ണാമലൈ, ശശികല , ദിനകരന്‍, പ്രേമലത രാഷ്ട്രീയത്തിലെ മറ്റ് സുഹൃത്തുക്കള്‍, ചലച്ചിത്ര മേഖലയിലെ ഉറ്റ സുഹൃത്തുക്കളായ കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, വൈരമുത്തു, ഇളയരാജ..പിന്നെ തങ്കംപോലെയുള്ള എന്‍റെ പ്രേക്ഷകര്‍.. അവരുടെ സ്നേഹത്തിനും ഹൃദയപൂര്‍വമായ ആശംസകള്‍ക്കും നന്ദി. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍കൂടി നേരുന്നു'- എന്നാണ് രജിനീകാന്ത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ലോകേഷ് കനഗരാജ് ചിത്രം കൂലിയാണ് രജിനീകാന്തിന്‍റേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം. ഇന്നലെ റിലീസ്ചെയ്ത ചിത്രം ഇതിനകം 170 കോടി രൂപയാണ് ആഗോള കലക്ഷനായി നേടിയത്. രജിനി ചിത്രങ്ങളായ ജയ്ലര്‍ 2, പേട്ട എന്നിവയുടെ കലക്ഷനും ചിത്രം മറികടന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 65 കോടിയാണ് നെറ്റ് കലക്ഷന്‍.രജനിച്ചിത്രങ്ങളില്‍ ഓപ്പണിങ് ഡേയില്‍ ഏറ്റവുമധിതം കലക്ഷന്‍ നേടിയെന്ന റെക്കോര്‍ഡും കൂലിക്ക് സ്വന്തം.