കേരളത്തിലെ ഒരു സെലിബ്രിറ്റി കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്‍റേത്. വീട്ടില്‍ എല്ലാവരും യൂട്യൂബേഴ്സ് ആയതുകൊണ്ടുതന്നെ എല്ലാവരും മലയാളികള്‍ക്ക് സുപരിചിതരാണ്. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നീ നാലു മക്കളാണ് കൃഷ്ണകുമാര്‍– സിന്ധു ദമ്പതികള്‍ക്കുള്ളത്. യൂട്യൂബിലൂടെ ഇവര്‍ പങ്കുവയ്ക്കുന്ന വ്ലോഗുകള്‍ക്കും ഫോട്ടോഷൂട്ടുകള്‍ക്കുമൊക്കെ ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാന്‍ഡുമായി എത്തിയിരിക്കുകയാണിവര്‍.
സിയാഹ് ബൈ അഹാദിഷിക (SIAH by Ahadishika) എന്നാണ് ഇവരുടെ ക്ലോത്തിങ് ബ്രാന്‍ഡിന്‍റെ പേര്. ഇന്നലെയാണ് ഇക്കാര്യം ഇവര്‍ യൂട്യൂബിലൂടെ അറിയിച്ചത്. ബ്രാന്‍ഡിന്‍റെ ഒഫീഷ്യല്‍ വൈബ്സൈറ്റും പരസ്യപ്പെടുത്തി. ഈ സൈറ്റിലേക്ക് ആളുകള്‍ ഇടിച്ചുകയറുന്ന കാഴ്ചയായിരുന്നു പിന്നീട്. അതുകൊണ്ടുതന്നെ സൈറ്റ് പലപ്പോഴും കിട്ടാത്ത സാഹചര്യം പോലും ഒറ്റദിവസംകൊണ്ടുണ്ടായി. ഇതേക്കുറിച്ച് സിയാഹ് എന്ന് ബ്രാന്‍ഡിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയും പ്രത്യക്ഷപ്പെട്ടു. ബ്രാന്‍ഡ് പരിചയപ്പെടുത്തി ഒറ്റമണിക്കൂര്‍ കൊണ്ട് ഒരു മില്യണ്‍ കാഴ്ചകാരാണ് ഈ ഇന്‍സ്റ്റഗ്രാം വിഡിയോ കണ്ടത്.
ഞങ്ങള്‍ നന്നായി ഒരുങ്ങിയെത്തുമ്പോള്‍ പതിവായി കേള്‍ക്കുന്ന ചോദ്യമാണ് ഈ സാരി എവിടെ നിന്നാണ് വാങ്ങിയത്, നിങ്ങളുടെ ഫാഷന്‍ സ്റ്റൈല്‍ നല്ലതാണ് എന്നൊക്കെയുള്ള കാര്യങ്ങള്‍. ഈ ചോദ്യത്തില്‍ നിന്നാണ് സ്വന്തമായി ഒരു ബ്രാന്‍ഡ് എന്നതിലേക്ക് എത്തിയതെന്നാണ് സിയാഹ്‌നെക്കുറിച്ച് സിന്ധു കൃഷ്ണയും മക്കളും പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നായി ഹാന്‍ഡ് പിക്ക് ചെയ്ത വസ്ത്രങ്ങളാകും ഈ ബ്രാന്‍ഡിനു കീഴില്‍ അവതരിപ്പിക്കുക. അതുകൊണ്ടു തന്നെ വളരെ പരിമിതമായ സ്റ്റോക്ക് മാത്രമേയുണ്ടാകൂവെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ സാരികള്‍ ഓവര്‍ പ്രൈസ്ഡ് ആണെന്ന അഭിപ്രായമാണ് കമന്‍റുകളായി കാണാനാകുന്നത്. സാധാരണക്കാര്‍ക്ക് സ്വപ്നം പോലും കാണാനാകാത്ത വിലയാണിട്ടിരിക്കുന്നത്, ഏറ്റവും കുറഞ്ഞ വില 6,499 രൂപയാണ്. അതുകൊണ്ടു തന്നെ ഈ ബ്രാന്‍ഡില്‍ നിന്ന് സാരി വാങ്ങാന്‍ എങ്ങനെ കഴിയും? ഇതൊക്കെ പണക്കാര്‍ക്ക് പറ്റും എന്നാണ് വൈബ്സൈറ്റില്‍ കയറിയവരൊക്കെ പറയുന്നത്. മണിക്കൂറുകള്‍ക്കകം 6,499 രൂപയുടെ സാരി സോള്‍ഡ് ഔട്ട് ആയതായും സൈറ്റില്‍ കാണാം.