വലിയ വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമിടയില്‍ താരസംഘടനായ അമ്മയുടെ തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞു. താരസംഘടനയുടെ തലപ്പത്തേക്ക് ശ്വേത മേനോന്‍ എത്തിയപ്പോള്‍ പുതിയൊരു ചരിത്രം കൂടിയാണ് പിറന്നത്. എന്നാല്‍ താരസംഘടനയുടെ ഈ ചരിത്ര മുഹുര്‍ത്തത്തില്‍ പങ്കെടുക്കാത്ത അഥവാ വോട്ടവകാശം വിനിയോഗിക്കാത്ത താരങ്ങളും ഏറെയാണ്.
മലയാള സിനിമയുടെ നെടുംതൂണായ പല പ്രമുഖ താരങ്ങളും താരസംഘടനയുടെ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു എന്നതാണ് വാസ്തവം. മോഹന്‍ലാല്‍ വോട്ടവകാശം വിനിയോഗിച്ചപ്പോള്‍ മമ്മൂട്ടി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും വിട്ടുനിന്നു. ജയറാമും ഇന്ദ്രജിത്തും പൃഥ്വിരാജും കുഞ്ചോക്കോ ബോബനും ഫഹദ് ഫാസിലും നിവിൻ പോളിയും ആസിഫ് ആലിയും വോട്ട് ചെയ്യാൻ എത്തിയില്ല.
സ്ത്രീകള്‍ ഭരണതലപ്പത്ത് എത്തിയ തിരഞ്ഞെടുപ്പില്‍ ലേഡി സൂപ്പര്‍സ്റ്റാറുകളായ ഉര്‍വശിയും മഞ്ജുവാര്യരും എത്തിയില്ല. 506 അംഗങ്ങൾക്കായിരുന്നു വോട്ടവകാശം. ഇവരിൽ 298 പേർ വോട്ടവകാശം വിനിയോഗിക്കാൻ കൊച്ചിയിലെത്തി. ചെന്നൈയിലായതിനാലാണ് മമ്മൂട്ടിക്ക് എത്താന്‍ കഴിയാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.