വളരെ ചെറുപ്പത്തില്‍ തന്നെ സിനിമ അഭിനയം തുടങ്ങിയ നടിയാണ് ഉര്‍വശി. നായികയായും കാരക്ടര്‍ വേഷങ്ങള്‍ ചെയ്തും പ്രേക്ഷകരെ ഉര്‍വശി എന്നും അമ്പരപ്പിച്ചു. എന്നാല്‍ നായികയായ ആദ്യസിനിമക്ക് ശേഷം താന്‍ നേരിട്ട ദുരനുഭവം പങ്കുവക്കുകയാണ് ഉര്‍വശി. 1983ല്‍ പുറത്തുവന്ന 'മുന്താണൈ മുടിച്ച്' എന്ന തമിഴ്ചിത്രത്തിലാണ് 13–ാം വയസില്‍ ഉര്‍വശി നായികയാവുന്നത്. ഇതിനുശേഷം തിരിച്ച് സ്കൂളില്‍ എത്തിയപ്പോള്‍ കുട്ടികള്‍ പിന്നാലെ കളിയാക്കി നടന്നുവെന്നും സ്കൂളില്‍ നിന്നും തന്നെ പറഞ്ഞുവിട്ടുവെന്നും ഗോപിനാഥിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു.
'13-ാം വയസില്‍ നായികയായി. ഒന്‍പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷക്കിടയ്ക്കാണ് 'മുന്താണൈ മുടിച്ച്' ചെയ്യുന്നത്. 10–ാം തിയതിയാണ് സിനിമ ആരംഭിച്ചത്. 15ന് പരീക്ഷ തുടങ്ങി. വീണ്ടും വന്ന് പുനപരീക്ഷയാണ് ഞാന്‍ എഴുതിയത്. പത്തിലേക്ക് കയറിയപ്പോഴേക്കും പടം റിലീസ് ചെയ്തു. അതോടെ 'കണ്ണ് തുറക്കണം സാമി' എന്ന് പറഞ്ഞ് കുട്ടികളൊക്കെ പിറകെ നടക്കാന്‍ തുടങ്ങി. ഇന്നത്തെ പോലെ അന്ന് സ്കൂളുകളൊന്നും പിന്തുണ തരില്ല. അധ്യാപകരൊക്കെ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി.
പത്താം ക്ലാസ് പരീക്ഷ എനിക്ക് എഴുതാന്‍ പറ്റിയിട്ടില്ല. ജൂണില്‍ സ്കൂള്‍ തുറന്നു. ജൂലൈ 22ന് സിനിമ റിലീസായി. കുട്ടികള്‍ എന്‍റെ പിറകേ ഈ പാട്ടും പാടി നടക്കുന്നത് സ്കൂളിലും വലിയ പ്രശ്നമായി. അതുകൊണ്ട് എന്നെ അവിടെനിന്നും പറഞ്ഞുവിട്ടു. അതിനുശേഷം സിനിമക്കൊപ്പം ഡിസ്റ്റന്‍റായി പഠിക്കുകയായിരുന്നു,' ഉര്‍വശി പറഞ്ഞു.