sandra-post

തന്നെ പ്രകോപിപ്പിച്ചാല്‍ പല തെളിവുകളും പുറത്തുവിടുമെന്ന നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു സാന്ദ്രാ തോമസിന്റെ മറുപടി. 

‘വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം, പട്ടി‌ വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി’ എന്ന രണ്ടുവരിയിലാണ് സാന്ദ്രയുടെ മറുപടി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസിൽ സാന്ദ്ര തോമസ് നല്‍കിയ ഹര്‍ജി കോടതി തള്ളിയ പശ്ചാത്തലത്തില്‍ ആയിരുന്നു  വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. പോസ്റ്റിലെ അവസാനവരിയിലെ ഉള്ളടക്കത്തിനുള്ള മറുപടിയാണ് സാന്ദ്രയുടെ കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്. തനിക്ക് മൃഗങ്ങളെ ഇഷ്ടമാണെന്നും, അവർ മനുഷ്യരേക്കാൾ വിശ്വസ്തരാണെന്നും പരിഹസിച്ചുകൊണ്ടാണ്  വിജയ്ബാബു സാന്ദ്രയെ ഉന്നമിട്ട് പോസ്റ്റ് അവസാനിപ്പിച്ചത്.

എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹര്‍ജി തള്ളിയത്. നാമനിർദേശ പത്രിക തള്ളിയതിനെ ചോദ്യം ചെയ്ത് സാന്ദ്ര കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ വിധി നിരാശാജനകമാണെന്നും, നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നുമായിരുന്നു സാന്ദ്ര തോമസിന്‍റെ പ്രതികരണം

തന്നെ പ്രകോപിപ്പിക്കരുതെന്നും, ഇനി അങ്ങനെയുണ്ടായാല്‍ 2010 മുതലുള്ള പഴയ ചാറ്റുകള്‍ പുറത്ത് വിടുമെന്നും പോസ്റ്റില്‍ പറയുന്നു. 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രയ്ക്ക് ഒരു ബന്ധവുമില്ല. നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ലെന്നും, മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണെന്നുമടക്കം പരിഹാസ രൂപേണെയായിരുന്നു പോസ്റ്റ്.  

ഇനി ഓക്കാനിക്കുമ്പോൾ  സൂക്ഷ്മ‌ത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാം. സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല. ഒരുപാട് കാര്യങ്ങൾ ചെയ്ത് വിജയിച്ചവരുടെ പേരെടുത്ത് പറഞ്ഞ് അവരെ മോശമായി ചിത്രീകരിക്കുകയും, അതുവഴി പ്രശസ്തി നേടുകയും ചെയ്യുന്ന നിങ്ങളുടെ ഈ രീതികൾ നിര്‍ത്തുക. നിങ്ങളുടെ അസൂയ പരസ്യമായി പ്രദർശിപ്പിക്കരുത്. 2010 മുതലുള്ള ചാറ്റ് എന്‍റെ പക്കലുണ്ട്. എന്നെ പ്രകോപിപ്പിക്കരുത്. അങ്ങനെയാണെങ്കിൽ കൃത്യമായ തെളിവുകളോടുകൂടി എൻ്റെ ഭാഗം ഞാൻ വെളിപ്പെടുത്തും. – ഇതായിരുന്നു വിജയ്ബാബുവിന്റെ പോസ്റ്റിന്റെ ഉള്ളടക്കം. 

ENGLISH SUMMARY:

Sandra Thomas responds to Vijay Babu's Facebook post. This comes after a court dismissed Sandra Thomas's petition related to the Producer's Association election.