ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തിയ ‘കൂലി’ ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമെല്ലാം ഓഡിയോ ലോഞ്ചില്‍ വച്ച് സംവിധായകന്‍ ലോകേഷ് പറഞ്ഞ കാര്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. ചിത്രീകരണ സമയത്തെ മറക്കാനാകാത്ത ഓര്‍മയെക്കുറിച്ച് ഓഡിയോ ലോഞ്ചില്‍ അവതാരകന്‍ ലോകേഷിനോട് ചോദിക്കുന്നുണ്ട്. അതിന് ഹൃദയസ്പര്‍ശിയായ മറുപടിയാണ് ലോകേഷ് നല്‍കുന്നത്.
‘ചിത്രീകരണ സമയത്ത് ഒരുപാട് നല്ല മുഹൂര്‍ത്തങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ഒന്നുണ്ട്. രജനി സാര്‍ കൂലിയായി അഭിനയിച്ച പഴയ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന് ലഭിച്ചിരുന്ന നമ്പര്‍ ബാച്ച് 777, 786 തുടങ്ങിയവയാണ്. എന്നാല്‍ എന്‍റെ ചിത്രത്തില്‍ ഞാന്‍ അദ്ദേഹത്തിന് നല്‍കി ബാച്ച് നമ്പര്‍ 5821എന്നതാണ്. ഒരിക്കല്‍ ഷൂട്ടിനിടെ ലഭിച്ച ഒരു ഷോട്ട് ബ്രേക്കില്‍ അദ്ദേഹം എന്നെ വിളിച്ചു. എന്നിട്ട് എന്നോട് ചോദിച്ചു, ഈ നമ്പറിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ അതോ വെറുതെ ഇട്ടതാണോയെന്ന്. ഞാനപ്പോള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, അതെന്‍റെ അച്ഛന്‍റെ കൂലി നമ്പര്‍ ആണ് സാര്‍ എന്ന്.
അപ്പോള്‍ അദ്ദഹം എന്നോട് ചോദിച്ചു അച്ഛന്‍ എന്താണ് ചെയ്യുന്നതെന്ന്. അദ്ദേഹം ബസ് കണ്ടക്ടറാണ് സാര്‍ എന്ന് ഞാന്‍ മറുപടി നല്‍കി. അച്ഛന്‍ ബസ് കണ്ടക്ടറാണെന്ന് എന്താണ് ഇത്രയുംനാള്‍ എന്നോട് പറയാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്നെങ്കിലും ഒരിക്കല്‍ ഇതേക്കുറിച്ച് താങ്കള്‍ എന്നോട് ചോദിക്കും എന്നെനിക്ക് അറിയാമായിരുന്നു. അതൊരു നല്ല ഓര്‍മയായി മാറുമെന്നും. അതുകൊണ്ടാണ് ഇത്രയുംനാള്‍ പറയാതിരുന്നത് എന്ന് അദ്ദേഹത്തോട് പറഞ്ഞു. മറക്കാനാകാത്ത ഓര്‍മയാണെനിക്കത്. ഇതുകണ്ടാല്‍ എന്‍റെ അച്ഛന്‍ സന്തോഷിക്കുമെന്നുറപ്പാണ്. ഒരുപാട് നന്ദി’– എന്നാണ് ലോകേഷ് പറഞ്ഞത്.
കുടുംബത്തെക്കുറിച്ചോ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചോ യാതൊരു വിവരവും പുറത്തുവിടാന്‍ ആഗ്രഹിക്കാത്തയാളാണ് ലോകേഷ്. അതിന് വ്യക്തമായ കാരണവും ലോകേഷ് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അന്ന് ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്‍റെ കുടുംബത്തെക്കുറിച്ചോ വീട്ടിലെ കാര്യങ്ങളെക്കുറിച്ചോ ഒന്നും ആരും ചോദിച്ചിട്ടില്ല. ഇന്നും ഞാന്‍ എന്‍റെ ജോലിയാണ് ചെയ്യുന്നത്. സിനിമയിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ തന്നെ കുടുംബത്തെക്കുറിച്ചും സ്വകാര്യജീവിതത്തെ കുറിച്ചും ഒന്നും ആരോടും പറയില്ല എന്ന് ഉറച്ച തീരുമാനമെടുത്തതാണ് എന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.