സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം 'കൂലി' റിലീസ് ദിനത്തില്‍ തിയറ്ററുകളില്‍ കത്തിക്കയറുകയാണ്. സിനിമ തിയറ്ററിലെത്തും മുന്‍പ് ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലമായിരുന്നു സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. അതില്‍ തന്നെ ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ പ്രതിഫലത്തെ ചൊല്ലിയായിരുന്നു വലിയ വിവാദം. അതിഥി വേഷത്തിലെത്തിയ ആമിര്‍ 20 കോടി വാങ്ങിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം . പക്ഷേ യാഥാര്‍ഥ്യം അതല്ലെന്നാണ് ഇപ്പോള്‍ അണിയറയില്‍ നിന്ന് പുറത്തുവരുന്ന വിവരം . ചിത്രത്തിലെ മാഫിയാ ഡോണ്‍ 'ദാഹാ' എന്ന കഥാപാത്രമായി ആമിര്‍ ഖാൻ ട്രെയിലറിൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. രജനികാന്തിനോടുള്ള സ്നേഹവും ബഹുമാനവും കാരണം ആമിർ ഖാൻ ഈ വേഷത്തിനായി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
തമിഴ് സിനിമകളിലെ ബ്ലോക്ക്ബസ്റ്ററുകളുടെ സൃഷ്ടാവ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'യിൽ ഏകദേശം 15 മിനിറ്റോളം ദൈർഘ്യമുള്ള ഒരു ഗസ്റ്റ് റോളിലാണ് ആമിർ ഖാൻ എത്തുന്നത്. രജനികാന്തുമായിട്ടുള്ള സ്നേഹബന്ധം മൂലമാണ് താൻ ഈ സിനിമയിൽ അഭിനയിച്ചതെന്ന് ആമിർ ഖാൻ ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്‍റെ ഓഡിയോ,ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ മുൻപ് വെളിപ്പെടുത്തിയിരുന്നു. തിരക്കഥ പൂർണ്ണമായി കേൾക്കാൻ പോലും കാത്തുനിൽക്കാതെയാണ് താരം ഈ പ്രോജക്റ്റിന് സമ്മതം മൂളിയത്. രജനികാന്തിനോടുള്ള തന്‍റെ ആരാധനയും സ്നേഹവും പ്രകടിപ്പിക്കാനുള്ള ഒരു മാർഗമായാണ് ആമിർ ഖാൻ ഈ ഗസ്റ്റ് റോളിനെ കണ്ടതെന്നാണ് റിപ്പോർട്ട്.
സൺ പിക്ചേഴ്സ് നിർമ്മിച്ച രജനികാന്തിന്‍റെ 171-ാമത്തെ ചിത്രമായ 'കൂലി'യിൽ നാഗാർജുന, ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ് തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇതേ ദിവസം തിയറ്ററിലെത്തുന്ന അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത് ഹൃതിക്ക് റോഷനും ജൂനിയര്‍ എന്‍ടിആറും പ്രധാനവേഷത്തിലെത്തുന്ന 'വാര്‍ 2' വുമായാണ് ചിത്രം മല്‍സരിക്കുക.