ദി കശ്മീര്‍ ഫയല്‍സോ ഛാവയോ പോലെയുള്ള ചിത്രങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്ന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. ആളുകളെ സ്വാധീനിക്കുക എന്ന ഉദ്ദേശത്തോടെ സിനിമകള്‍ നിര്‍മിക്കപ്പെടുകയും, അത്തരം സിനിമകള്‍ക്ക് പ്രേക്ഷകരെ ലഭിക്കുകയും ചെയ്യുന്നത് എന്നെ ഭയപ്പെടുത്തുന്നുവെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ എബ്രഹാം പറഞ്ഞു.
'ഞാന്‍ വലതുപക്ഷക്കാരനോ ഇടതുപക്ഷക്കാരനോ അല്ല. എനിക്ക് രാഷ്ട്രീയമില്ല. എന്നെ ആശങ്കപ്പെടുത്തുന്ന കാര്യം, വലതുപക്ഷ സിനിമകള്‍ക്ക് വലിയ പ്രേക്ഷക പിന്തുണ ലഭിക്കുന്നു എന്നതാണ്. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അപ്പോഴാണ് നിങ്ങള്‍ സ്വയം ചോദിച്ചുപോകുന്നത്, ഏത് വഴി തിരഞ്ഞെടുക്കണമെന്ന്- വാണിജ്യപരമായ വഴി സ്വീകരിക്കണോ അതോ എനിക്ക് പറയാനുള്ള കാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്തണോ? ഞാന്‍ തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്.
ഞാന്‍ 'ഛാവ' കണ്ടിട്ടില്ല, പക്ഷെ ആളുകള്‍ക്ക് അത് ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം. 'ദി കശ്മീര്‍ ഫയല്‍സും' അതുപോലെ തന്നെ. എന്നാല്‍ അതീവ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു സാഹചര്യത്തില്‍, ആളുകളെ സ്വാധീനിക്കുക എന്ന ഉദ്ദേശത്തോടെ സിനിമകള്‍ നിര്‍മിക്കപ്പെടുകയും, അത്തരം സിനിമകള്‍ക്ക് പ്രേക്ഷകരെ ലഭിക്കുകയും ചെയ്യുന്നത് എന്നെ ഭയപ്പെടുത്തുന്നു. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയാണെങ്കില്‍, ഇല്ല എന്നാണ് എന്റെ മറുപടി. എനിക്കൊരിക്കലും അത്തരം പ്രലോഭനങ്ങള്‍ ഉണ്ടായിട്ടില്ല. അത്തരം സിനിമകള്‍ ഞാന്‍ ഒരിക്കലും നിര്‍മിക്കുകയുമില്ല,' ജോണ്‍ എബ്രഹാം പറഞ്ഞു.