ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന കൂലി ആഗസ്റ്റ് 14ന് റിലീസാകുകയാണ്. അതിനു മുന്നോടിയായി നടത്തിയ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തില്‍ വൈറലാണ്. എന്നാല്‍ നടന്‍ സൗബിന്‍ ഷാഹിറിനെക്കുറിച്ചും ആമിര്‍ ഖാനെക്കുറിച്ചും രജനികാന്ത് നടത്തിയിരിക്കുന്ന ചില പരാമശങ്ങള്‍ ആരാധകര്‍ക്കിടയില്‍ കല്ലുകടിയായി.
ആമിര്‍ ഖാന്‍, ഉപേന്ദ്ര, നാഗാര്‍ജുന, സത്യ രാജ്, ശ്രുതി ഹാസന്‍, സത്യരാജ് എന്നിങ്ങനെ ചിത്രത്തിലെ താരങ്ങളെല്ലാം ഓഡിയോ ലോഞ്ചിനെത്തിയിരുന്നു. ഇതിനിടെ സൗബിന്‍ എങ്ങനെയാണ് കൂലിയിലേക്ക് എത്തിയതെന്ന് രജനികാന്ത് പറയുന്നുണ്ട്. ആദ്യം ഫഹദ് ഫാസിലിനെയാണ് ഈ കഥാപാത്രത്തിനായി തെരഞ്ഞെടുത്തത്. എന്നാല്‍ അദ്ദേഹത്തിന് മറ്റ് തിരക്കുകളുള്ളതിനാല്‍ അത് നടന്നില്ല. പകരം ലോകേഷ് സൗബിനെയാണ് കൊണ്ടുവന്നത്. എന്തിനാണ് സൗബിനെ തെരഞ്ഞെടുത്തതെന്നും സൗബിന്‍ അഭിനയിച്ച ചിത്രങ്ങളെക്കുറിച്ചും ലോകേഷിനോട് ചോദിച്ചുവെന്ന് രജനികാന്ത് പറയുന്നു.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ സൗബിനുണ്ടെന്ന് ലോകേഷ് പറഞ്ഞു. പക്ഷേ കൂലിയിലെ ഈ കഥാപത്രത്തിന് അദ്ദേഹം യോജ്യനാണോ എന്ന സംശയമുണ്ടായിരുന്നു. കഷണ്ടിയൊക്കെയുള്ള ആളല്ലേ വേണോ എന്ന സംശയം പ്രകടിപ്പിച്ചുവെങ്കിലും ലോകേഷിന് കാര്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നു അതുകൊണ്ട് കൂടുതലൊന്നും ചോദിച്ചില്ലെന്നാണ് രജനികാന്ത് പറഞ്ഞത്. പക്ഷേ സൗബിന്‍റെ അഭിനയം കണ്ടപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് രജനികാന്ത് പറഞ്ഞത്.
'വിശാഖ പട്ടണത്തെ ഷൂട്ട് വന്നപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് വന്നാല്‍ മതിയെന്നാണ് എന്നോട് ലോകേഷ് പറഞ്ഞത്. എന്തിനാണ് രണ്ട് ദിവസം കഴിഞ്ഞ് വരുന്നതെന്ന് ഞാന്‍ ആലോചിച്ചു. അന്വേഷിച്ചപ്പോള്‍ ആ സമയത്ത് സൗബിന്‍റെ ഷൂട്ടാണ് നടക്കുന്നത്. മൂന്നാമത്തെ ദിവസം ഞാന്‍ വന്നപ്പോള്‍ ലോകേഷ് ലാപ്ടോപ്പുമായി വന്നു. സൗബിന്‍ അഭിനയിച്ച രണ്ടുമൂന്ന് രംഗങ്ങള്‍ കാണിച്ചു. ഞാന്‍ ഞെട്ടിപ്പോയി. എന്തൊരു ആക്ടറാണ്'– ഇതായിരുന്നു രജനികാന്ത് സൗബിനെക്കുറിച്ച് നടത്തിയ പ്രതികരണം.
ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ആമിര്‍ ഖാന്‍ എത്തുന്നത്. കമല്‍ഹാസനായിരിക്കും അതിഥിവേഷത്തില്‍ എത്തുന്നതെന്ന് താന്‍ കരുതി എന്നാണ് രജനികാന്ത് പറഞ്ഞത്. ‘ആമിര്‍ ഖാന്‍ ആണെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. അദ്ദേഹം ഒരു സ്ക്രിപ്റ്റ് ഓക്കെ പറയാന്‍ തന്നെ രണ്ട് വര്‍ഷമെടുക്കും. അപ്പോള്‍ ഒരു സിനിമയ്ക്കു വേണ്ടി എത്രത്തോളം തയ്യാറെടുത്തു കാണും. ഇവിടുത്തെ കമല്‍ഹാസനാണ് നോര്‍ത്തിലെ ആമിര്‍ ഖാന്‍. ഒരു വശത്ത് സല്‍മാന്‍ ഖാന്‍, മറുവശത്ത് ഷാരൂഖ് ഖാന്‍ എന്നിവര്‍ നില്‍ക്കുമ്പോള്‍ അതിനിടയ്ക്ക് കുള്ളനായ ആമിറും നില്‍ക്കുന്നു. മികച്ച നടനാണ് അദ്ദേഹം’– എന്നാണ് രജനികാന്ത് ആമിര്‍ ഖാനെ കുറിച്ച് പറഞ്ഞത്.
ഇതിനിടെ കടന്നുകൂടിയ കഷണ്ടി, കുള്ളന്‍ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സത്യരാജ്, നാഗാര്‍ജുന, ശ്രുതി ഹാസന്‍, ഉപേന്ദ്ര തുടങ്ങി എല്ലാ തരങ്ങളെക്കുറിച്ചും ഹാസ്യത്തില്‍ കലര്‍ത്തിയുള്ള സംസാരത്തിലൂടെ അഭിസംബോധന ചെയ്തപ്പോള്‍ ഇടയില്‍ ഇത് ഒഴിവാക്കാമായിരുന്നു എന്നാണ് പലരും സമൂഹമാധ്യമത്തില്‍ കുറിക്കുന്നത്.