സിനിമ നിരൂപകന്‍ അശ്വന്ത് കോക്കിനെതിരെ വിമര്‍ശനവുമായി കലാസംവിധായകന്‍ മനു ജഗദ്. കോഴിക്കോട് കൈരളി തിയേറ്ററിൽനടന്ന ‘റിവ്യൂ: അവലോകനമോ അധിക്ഷേപമോ’ ഓപ്പൺ ഫോറത്തിലെ അശ്വന്തിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് മനു ജഗദ് രംഗത്തെത്തിയത്. മാറിയ കാഴ്ചാശീലങ്ങളും സാമൂഹികാവസ്ഥകളും ഉള്‍ക്കൊള്ളാനാവാത്തവരാണ് നിരൂപണത്തെ പേടിക്കുന്നതെന്നായിരുന്നു അശ്വന്ത് കോക്ക് പറഞ്ഞത്. നിരൂപണത്തോട് അസഹിഷ്ണുതകാണിക്കുന്നവര്‍ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാല്‍മതിയെന്നുവെക്കണമെന്നും അശ്വന്ത് വ്യക്തമാക്കിയിരുന്നു.
ജനപ്രിയവുമായ ഒരു വലിയ ഇൻഡസ്ട്രിയെ ആണ് ഒരു ഇരുട്ടുമുറിയിൽ ഒരു മോണിറ്ററിലിരുന്നു സ്വന്തം വയറുനിറയ്ക്കാൻ കുറച്ചു നിരൂപകരും ഒപ്പം കുറച്ചു കോമാളികളും ചേർന്ന് നശിപ്പിക്കുന്നതെന്ന് മനു ജഗദ് പറഞ്ഞു. ഈ നിപുണന്മാർക്കെതിരെ നടപടിയെടുക്കാൻ ഇവിടെ അസോസിയേഷനുകളോ നിയമമോ ഇല്ല എന്ന തിരിച്ചറിവിൽ ഇവര്‍ ഇതിനപ്പുറവും പറയുമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മനു പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേട്ടാൽ തോന്നും വല്യേതോ പുള്ളിയാണെന്ന്... ഒരു വ്യവസായ മേഖലയെ അപ്പാടെ തകർത്തുകൊണ്ട്... അതിൽ എത്രയോ പേരുടെ ജീവിതം നടക്കുന്നുണ്ട്.. എത്രയോ പേരുടെ കഠിനാധ്വാനമുണ്ട്. കഷ്ടങ്ങളുണ്ട്.. അതിലുപരി കലാപരമായ സർഗാത്മകമായ കായികപരമായ കഴിവുറ്റ എത്രയോ പേർ ചേർന്ന് ഒന്നിക്കുന്ന അതിലൂടെ ഉടലെടുക്കുന്ന വിനോദവും ഒപ്പം ഒരു ജനപ്രിയവുമായ ഒരു വലിയ ഇൻഡസ്ട്രിയെ ആണ് ഒരു ഇരുട്ടുമുറിയിൽ ഒരു മോണിറ്ററിലിരുന്നു സ്വന്തം വയറുനിറയ്ക്കാൻ കുറച്ചു നിരൂപകരും ഒപ്പം കുറച്ചു കോമാളികളും ചേർന്ന് നശിപ്പിക്കുന്നത്.
ഇവന്മാരുടെ പുറകെ മൊബൈൽ ഫോണും കൊണ്ട് തിക്കിത്തിരക്കുന്ന കുറെ യുവതലമുറയെ കാണുമ്പോൾ നാടിന്‍റെ ഒരു ഗതികെട്ട അവസ്ഥയെ ആണ് മനസ്സിലാക്കേണ്ടത്. തിയേറ്ററിൽ ഒരു സിനിമ റിലീസിന്‍റെ അന്നങ്ങോട്ട് കേറി മൊത്തത്തിൽ ഒന്ന് മെഴുകും. എല്ലാത്തിലും കുറ്റം എല്ലാരിലും കുറ്റം. എത്ര വലിയ മഹാരഥന്മാരും ഇവർക്ക് മുന്നിൽ വെറും പൂജ്യർ. ഇവർക്ക് ആരെയും പരിഹസിക്കാം തെറിവിളിക്കാം കുറ്റപ്പെടുത്താം അങ്ങനെ എന്തും ചെയ്യാം.
ഈ നിപുണന്മാർക്കെതിരെ തിരിയാൻ ഒരു നടപടിയെടുക്കാൻ ഇവിടെ ഒരു അസോസിയേഷനോ നിയമമോ ഇല്ല എന്ന തിരിച്ചറിവിൽ ഇവനെപ്പോലെ ഇത്തിള്‍ക്കണ്ണികൾ ഇതും പറയും ഇതിനപ്പുറവും പറയും. ഇവിടെ സിനിമ സംഘടനകളിൽ ഉള്ളവർ ഉള്ള തമ്മിലടി കഴിഞ്ഞു വേണ്ടേ ഇത്തരക്കാരെ നന്നാക്കാൻ. നിരൂപണം നല്ലതാണ്. എന്ന് വെച്ചു എന്തും ഛർദിക്കാനുള്ള ലൈസൻസ് അല്ല.