ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് വിവാഹ ഫോട്ടോകളും വിഡിയോകളും നീക്കം ചെയ്ത് തെന്നിന്ത്യൻ താരം ഹൻസിക മൊത്വാനി. ഭർത്താവ് സോഹേൽ ഖതൂരിയയുമായി വിവാഹമോചിതയാകുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഹൻസിക പോസ്റ്റുകൾ നീക്കം ചെയ്തത്. നിലവിൽ ഹൻസിക അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത് എന്ന് റിപ്പോർട്ടുണ്ട്.
2022 ഡിസംബറിലാണ് ഹൻസികയും സോഹേലും വിവാഹിതരായത്. ജയ്പൂരിലെ മുണ്ടോട്ട ഫോർട്ട് ആൻഡ് പാലസിൽ വെച്ച് അത്യാഡംബരപൂർവമായാണ് ചടങ്ങുകൾ നടന്നത്. ‘ഹൻസികാസ് ലവ് ഷാദി ഡ്രാമ’ എന്ന പേരിൽ 6 എപ്പിസോഡുകളുള്ള ഡോക്യുമെന്ററിയും ജിയോസിനിമയിൽ റിലീസ് ചെയ്തിരുന്നു. സോഹേൽ ഖതൂരിയ തന്റെ സമൂഹമാധ്യമ പ്രൊഫൈൽ പ്രൈവറ്റ് ആക്കിയിരിക്കുകയാണ്. ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജാണ് സോഹേലിന്റെ ആദ്യ ഭാര്യ. വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ ഹൻസികയും ഭർത്താവും ഇതുവരെ പ്രതികരിച്ചിട്ടില്ല.