വ്യവസായിയും ബോളിവുഡ് താരം കരിഷ്മ കപൂറിന്‍റ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂറിന്‍റെ മരണം അന്താരാഷ്ട്ര ശ്രദ്ധയിലേക്കും നിയമനടപടികളിലേക്കും നീങ്ങിയിരിക്കുകയാണ്. സോനാ കോംസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാനായ സഞ്ജയുടെ മരണം അപകടമരണമോ സ്വാഭാവിക മരണമോ അല്ലെന്നും ഇത് വ്യക്തമാക്കുന്ന വിശ്വസനീയമായ തെളിവുകള്‍ കൈവശമുണ്ടെന്നുമുള്ള അവകാശവാദവുമായി മാതാവ് റാണി കപൂര്‍. സോന കോംസ്റ്റാറിന്‍റെ മുൻ ചെയർപേഴ്‌സൺ കൂടിയായ റാണി യുകെയിൽ ഔദ്യോഗികമായി ക്രിമിനൽ പരാതി നൽകി. മരണത്തില്‍ വേഗത്തിലുള്ളതും നിർണായകവുമായ നടപടി സ്വീകരിക്കാൻ ബ്രിട്ടീഷ് നിയമപാലകരോട് ആവശ്യപ്പെടുന്നതാണ് പരാതി.
കൊലപാതകം, കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ, ഗൂഢാലോചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കള്ളക്കളികള്‍ നടന്നിട്ടുണ്ടാകാമെന്നാണ് റാണി കപൂറിന്‍റെ ആരോപണം. മുപ്പതിനായിരം കോടിയുടെ വ്യവസായ സാമ്രാജ്യത്തിന്‍റെ ഉടമയായിരുന്ന സഞ്ജയുടെ മരണത്തെത്തുടര്‍ന്ന് പിന്തുടര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ വാര്‍ത്തയായിരുന്നു. അതിനിടെയാണ് ബ്രിട്ടീഷ് അധികൃതര്‍ക്ക് റാണി കപൂര്‍ അയച്ച ഗുരുതര ആരോപണങ്ങളുള്ള കത്തിലെ വിവരങ്ങള്‍ പുറത്തെത്തുന്നത്. വ്യാജരേഖ ചമയ്ക്കല്‍, സംശയകരമായ ആസ്തി കൈമാറ്റങ്ങള്‍, ദുരൂഹമായ നിയമനടപടികള്‍ തുടങ്ങിയവയ്ക്ക് തന്‍റെ കൈവശം തെളിവുകളുണ്ടെന്ന് റാണി കപൂര്‍ അവകാശപ്പെടുന്നു. കുടുംബം ദുഃഖത്തിലായിരിക്കുമ്പോള്‍ ചില ആളുകൾ കുടുംബ പാരമ്പര്യം തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നും അവര്‍ ആരോപിക്കുന്നു.
സോന ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ബോർഡിൽ ആരെയും ചേർക്കുന്നതിന് താൻ സമ്മതം നൽകിയിട്ടില്ലെന്നും റാണി കപൂര്‍ വ്യക്തമാക്കി. തന്‍റെ അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം പൂർണമായും നിഷേധിച്ചെന്നും റാണി ആരോപിക്കുന്നു. താൻ വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാത്ത രേഖകളിൽ ഒപ്പിടാൻ നിർബന്ധിതയായെന്നും സഞ്ജയ്‌യുടെ അമ്മ പറഞ്ഞു. ജൂൺ 12 ന് യുകെയിൽ പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് സഞ്ജയ് കപൂര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോർബ്സ് റിപ്പോർട്ട് പ്രകാരം മരണസമയത്ത് സഞ്ജയ് കപൂറിന് 10,300 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്നു. 2003-ലാണ് സഞ്ജയും കരിഷ്മ കപൂറും വിവാഹിതരായത്. 11 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം 2014-ല്‍ പരസ്പര സമ്മതത്തോടെ വേര്‍പിരിഞ്ഞ ഇവര്‍ക്ക് സമൈറ കപൂർ, കിയാൻ രാജ് കപൂർ എന്നീ രണ്ടുമക്കളുണ്ട്. പിന്നീട് 2017ല്‍ മോഡലായ പ്രിയ സച്ച്‌ദേവിനെ സഞ്ജയ് വിവാഹം ചെയ്തിരുന്നു. ഇവര്‍ക്ക് അസറിയാസ് കപൂർ എന്ന ഒരു മകനുണ്ട്.