mallika-and-sukumaran

TOPICS COVERED

തന്‍റെ വിവാഹജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി മല്ലിക സുകുമാരന്‍. എല്ലാം സഹിച്ചും പൊറുത്തും മറന്നും ആരോടും ഒന്നും പറയാതെ ഇരുന്ന കാലത്ത് എന്നെ വന്ന് രക്ഷപ്പെടുത്തി ഒരു ജീവിതം തന്ന ആളാണ് സുകുവേട്ടനൊന്നും അദ്ദേഹത്തോടൊപ്പമുള്ള ജീവിതത്തില്‍ ഒരുകാര്യത്തിനും  വേദനിച്ച് കരയണ്ട അവസ്ഥ വന്നിട്ടില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. വെര്‍ച്വല്‍ മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലിക ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. 

തന്‍റെ മക്കളെക്കുറിച്ച് ഓര്‍ത്ത് അഭിമാനമാണെന്നും അങ്ങനെ രണ്ട് മക്കളെ കിട്ടിയതില്‍ താന്‍ ഭാഗ്യവതിയാണെന്നും മല്ലിക പറഞ്ഞു.  സുകുവേട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ തന്‍റെ ജീവിതം എന്താകുമെന്ന ചിന്തയില്‍ ദീര്‍ഘവീക്ഷണത്തോടുകൂടി  അദ്ദേഹം ജീവിതം പ്ലാന്‍ ചെയ്തു.   അതുകൊണ്ടാണ് താന്‍ സുഖമായി ജീവിച്ചതെന്നും മല്ലിക വെളിപ്പെടുത്തി. 

മല്ലിക സുകുമാരന്‍റെ വാക്കുകള്‍

ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം സഹിച്ചും പൊറുത്തും മറന്നും ആരോടും ഒന്നും പറയാതെ ഇരുന്ന കാലത്ത് എന്നെ വന്ന് രക്ഷപ്പെടുത്തി ഒരു ജീവിതം തന്ന ആളാണ് സുകുവേട്ടന്‍. മരണത്തിന് ശേഷവും സുകുവേട്ടന്‍ എന്നെ വിളിക്കുമെന്ന് എനിക്ക് അറിയാം. അടുത്ത് തന്നെ വിളിക്കും. എന്നെ രക്ഷപ്പെടുത്തിയ വ്യക്തിയാണ്, അത് എനിക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല. എന്നെ സ്നേഹിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ തന്നു. ഞാന്‍ പറയുന്ന ഈ തീവ്രതയൊന്നും മരുമക്കള്‍ക്കോ കൊച്ചുമക്കള്‍ക്കോ മനസിലാകണമെന്നില്ല. പക്ഷേ എന്‍റെ മക്കള്‍ക്ക് അറിയാം. അച്ഛന്‍ എങ്ങനെയാണ് അമ്മയെ നോക്കിയിരുന്നതെന്നും കണ്ടിരുന്നതെന്നും. ഒരുകാര്യത്തിനും ഞാന്‍ വേദനിച്ച് കരയണ്ട അവസ്ഥയൊന്നും വന്നിട്ടില്ല. എന്‍റെ ജീവിത്തിലെ ഭാഗ്യം തന്നെ  ഭഗവാന്‍ എല്ലാം ചേര്‍ന്ന ഒരു 25 വര്‍ഷം തന്നു. അതായിരുന്നു സുകുവേട്ടനൊപ്പമുള്ള ജീവിതം. സുകുവേട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ വിഷമിക്കരുതെന്ന ചിന്തയോട് കൂടി ദീര്‍ഘവീക്ഷണത്തോടുകൂടി ജീവിതം പ്ലാന്‍ ചെയ്ത് എല്ലാകാര്യങ്ങളും ചെയ്തുവെച്ചു. അതുകൊണ്ടാണ് ഇന്ന് മല്ലിക സുകുമാരന്‍ സുഖമായി ജീവിക്കുന്നത്.