mallika

അമ്മ വേഷം ചെയ്യുന്ന നടിമാരിൽ പലർക്കും മലയാള സിനിമയിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും കാരവൻ ലഭിക്കാറില്ലെന്ന് ആരോപണം. കൊച്ചിയിൽ മലയാള മനോരമയുടെ ഹോർത്തൂസ് വേദിയിൽ 'അമ്മയില്ലാത്ത പുത്തൻ സിനിമാക്കാലം' എന്ന സംവാദത്തിലാണ് അമ്മ നടിമാർക്ക് കാരവൻ അന്യമാകുന്നുവെന്ന ആരോപണം ഉയർന്നത്. നടിമാരായ മല്ലിക സുകുമാരനും മാല പാർവതിയും നീരജ രാജേന്ദ്രനും സംവാദത്തിൽ പങ്കെടുത്തു. 

അമ്മ വേഷങ്ങളിൽ സജീവമായ നടി നീരജ രാജേന്ദ്രനാണ് ഷൂട്ടിങ് സെറ്റുകളിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും കാരവനിൽ പ്രവേശന വിലക്കുണ്ടെന്ന കാര്യം തുറന്നു പറഞ്ഞത്. കാരവനിൽ നേരിട്ട വേർതിരിവ് സ്വന്തം അനുഭവത്തിൽനിന്ന് മാല പാർവതിയും തുറന്നു പറഞ്ഞു. അമ്മ നടിമാർക്ക് സിനിമയിൽ കാരവൻ വേണമെന്നും അത്  ചോദിക്കാൻ മടി കാണിക്കേണ്ടതില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

മൂന്ന് കാരവൻ ഉണ്ടെങ്കിൽ ഒരെണ്ണം അമ്മ റോളുകൾ ചെയ്യുന്ന ആളുകൾക്ക് നൽകണം. അമ്മ റോളുകൾ കുറഞ്ഞ മലയാളം സിനിമയിൽ കുടുംബബന്ധങ്ങൾ മനസിലാക്കാൻ പഴയ മലയാള സിനിമകൾ ഫെസ്റ്റിവൽ വേദികളിൽ ഉൾപ്പെടെ പ്രദർശിപ്പിക്കണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

ENGLISH SUMMARY:

Malayalam cinema actresses face discrimination in access to caravans on film sets, impacting their basic needs. The discussion at the Malayala Manorama Horthus venue highlighted the need for better treatment and facilities for Amma role actresses in the industry.