നടന്‍ അനൂപ് ചന്ദ്രനെതിരെ പരാതി നല്‍കി നടി അന്‍സിബ. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്. ‘അമ്മ’ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതികരണങ്ങളുമാണ് പരാതിക്ക് അടിസ്ഥാനം.
അതേസമയം, ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അധിക്ഷേപിക്കുന്നത് തന്‍റെ സംസ്കാരമല്ലെന്നുമാണ് പരാതിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് അനൂപ് പ്രതികരിച്ചത്. താന്‍ മാത്രമല്ല തന്‍റെ മുന്നില്‍ നില്‍ക്കുന്നവരും കേമന്‍മാരാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അനൂപ് പറഞ്ഞു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പില്‍ ട്രഷര്‍ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രന്‍ മത്സരിക്കുന്നുണ്ട്. എതിരില്ലാതെ ജോയിന്‍റ് സെക്രട്ടറിയായി അന്‍സിബ തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനയിലെ അംഗങ്ങള്‍ക്കായി തയാറാക്കിയ വിഡിയോയില്‍ അന്‍സിബക്കെതിരെ അനൂപ് ചന്ദ്രന്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്‍സിബ നടന്‍ ബാബുരാജിന്‍റെ സില്‍ബന്തിയാണെന്നും ബാബുരാജിന്‍റെ സില്‍ബന്തികളുടെ പ്രധാന ജോലി സിനിമയെക്കുറിച്ച് അറിവുള്ള സ്ത്രീകളെ അപമാനിക്കലാണെന്നുമായിരുന്നു അനൂപിന്‍റെ ആരോപണം.