താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും നേര്‍ക്കുനേര്‍ മത്സരം. സ്ഥാനാര്‍ഥി ലിസ്റ്റ് മനോരമ ന്യൂസിന്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, നാസര്‍ ലത്തീഫ് എന്നിവരും ജന.സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ എന്നിവരും മത്സരിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോയ് മാത്യു ഉള്‍പ്പെടെ എട്ടുപേരാണ് മല്‍സരിക്കുന്നത്.
അതേസമയം, ‘അമ്മ’യുടെ ജോയിന്‍റ് സെക്രട്ടറിയായി നടി അന്‍സിബ ഹസന്‍ തിരഞ്ഞെടുക്കപ്പെട്ടു. അന്‍സിബ ഉള്‍പ്പടെ 13പേരായിരുന്നു ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. വിവാദങ്ങള്‍ക്കിടെ മറ്റ് 12പേരും പത്രിക പിന്‍വലിച്ചതോടെയാണ് അന്‍സിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
‘അമ്മ’ സ്ഥാനാര്‍ഥി പട്ടിക: പ്രസിഡന്‍റ്: ദേവന്‍ എസ്, ശ്വേത മേനോന്‍ | വൈസ് പ്രസിഡന്‍റ്: ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, നാസര്‍ ലത്തീഫ് | ജനറല്‍ സെക്രട്ടറി: കുക്കൂ പരമേശ്വരന്‍, രവീന്ദര്‍ (രവീന്ദ്രന്‍) | ജോയിന്‍റ് സെക്രട്ടറി: അന്‍സിബ ഹസന്‍
മോഹൻലാൽ പ്രസിഡന്റായിരുന്ന ‘അമ്മ’യുടെ കഴിഞ്ഞ ഭരണസമിതി 2024 ജൂണിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ഓഗസ്റ്റിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ലൈംഗിക ആരോപണങ്ങൾ ഉയർന്നതോടെ 'അമ്മ' സംഘടനയ്ക്കുള്ളിൽ വലിയ പ്രശ്നങ്ങളുണ്ടായി. ഈ ആരോപണങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാൽ പ്രസിഡന്റായിട്ടുള്ള ഭരണസമിതി രാജിവെച്ചത്. 'അമ്മ'യുടെ 31 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കാലാവധി പൂർത്തിയാക്കാതെ രാജിവയ്ക്കുകയും അതിനുശേഷം തിരഞ്ഞെടുപ്പ് വേണ്ടിവരുന്ന സാഹചര്യമുണ്ടാകുന്നതും.