TOPICS COVERED

അമ്മ സംഘടന തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ സംഘടനയില്‍ നിന്ന് പിന്‍മാറുന്നുവെന്ന് പ്രഖ്യാപിച്ച് നടന്‍ ബാബുരാജ്. തീരുമാനം ആരെയും ഭയന്നിട്ടല്ലെന്നും എട്ട് വർഷക്കാലം   സംഘടനയിൽ പ്രവർത്തിച്ച തനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചതെന്നും ബാബുരാജ് കുറിച്ചു. സംഘടനയില്‍ പ്രവര്‍ത്തിച്ച സമയത്ത് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് വീണ്ടും മല്‍സരിക്കാന്‍ തീരുമാനിച്ചതെന്നും ബാബുരാജ് വ്യക്തമാക്കി.

കമ്മിറ്റിയില്‍ നിന്നും പിന്‍മാറാന്‍ ആഗ്രഹിച്ചിരുന്നെന്നും അന്ന് എല്ലാവരും ചേര്‍ന്ന് തന്നെ പിന്തിരിപ്പിക്കുകയായിരുന്നു, ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോൾ പ്രയാസകരമാണ്. മല്‍സരത്തിലൂടെ തന്നെ തോല്‍പ്പിക്കാമായിരുന്നെന്നും ഇത് തനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്നും ബാബുരാജ് കുറിച്ചു.

ബലാല്‍സംഘക്കേസില്‍ ആരോപണവിധേയനായ ബാബുരാജ് നിലവില്‍ മൂന്‍കൂര്‍ജാമ്യം നേടിയിരിക്കുകയാണ്. ഇത്തരത്തിലൊരാള്‍ സംഘടനയുടെ പ്രധാനപ്പെട്ട സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിനെതിരെ പലരും രംഗത്ത് വന്നിരുന്നു. സംഘടനകള്‍ക്കുള്ളില്‍ നിന്ന് തന്നെ പലരും ബാബുരാജിനെതിരെ പരസ്യമായി രംഗത്തുവന്നതും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ടവരെ,വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ, അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.

 

ലാലേട്ടൻ കമ്മിറ്റിയിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഞാനും പിന്മാറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് എല്ലാവരും ചേർന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോൾ എനിക്ക് പ്രയാസകരമാണ്. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.

 

എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ എല്ലാ അംഗങ്ങൾക്കും ഈ അവസരത്തിൽ ഞാൻ എൻ്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാനാശംസിക്കുന്നു.

സ്നേഹത്തോടെ, ബാബുരാജ് ജേക്കബ്

ENGLISH SUMMARY:

Following the ongoing controversies surrounding the AMMA association elections, actor Babu Raj has announced his decision to step down from the organization. His withdrawal comes amid growing discontent among several members regarding the internal functioning and transparency of the association.