ഇഷ്ടതാരം സല്‍മാന്‍ ഖാനെ എങ്ങിനെയും ഒന്നു കാണുക. കുട്ടിക്കൂട്ടുകാര്‍ വീടുവിട്ട് ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍പിടിക്കുമ്പോള്‍ അതുമാത്രമായിരുന്നു ചിന്ത. 9നും 13നുമിടയക്ക് പ്രായമുള്ള ഈ മൂവര്‍ സംഘം ജൂലൈ 25നാണ് യാത്ര തിരിച്ചത്. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമില്‍ നിന്ന് കിട്ടിയ സുഹൃത്ത് മഹാരാഷ്ട്രസ്വദേശി വാഹിദായിരുന്നു പ്രേരണ. ജല്‍ന സ്വദേശിയായ വാഹിദ് സല്‍മാനുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് ഇവര്‍ക്ക് വാക്കും നല്‍കിയിരുന്നു. സല്‍മാനെ ഒരിക്കല്‍ കണ്ടിട്ടുണ്ടെന്നും സൗഹൃദമുണ്ടെന്നും പറഞ്ഞാണ് ഇയാള്‍ കുട്ടികളെ വശത്താക്കിയത് . പക്ഷേ വീടുവിട്ടിറങ്ങിയ കുട്ടികളെ തേടി പൊലീസുണ്ടെന്നറിഞ്ഞതോടെ വാഹിദ് പിന്‍വാങ്ങി.
കുട്ടികളെ കണാനില്ലെന്ന പരാതിയില്‍ അന്വേഷണം തുടങ്ങിയ ലോക്കല്‍ പൊലീസിന് കിട്ടിയ കയ്യെഴുത്ത് കുറിപ്പാണ് വഴിത്തിരിവായത് . കുറിപ്പില്‍ നിന്ന് കുട്ടികള്‍ക്ക് വാഹിദുമയള്ള അടുപ്പം ബോധ്യപ്പെട്ടു. സല്‍മാനെ കാണാന്‍ മുംബൈയ്ക്കാണ് കുട്ടികളുടെ യാത്രയെന്ന സുചന കിട്ടി. വീടുകള്‍ക്ക് സമീപത്തുള്ള സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പിന്തുടര്‍ന്നയിരുന്നു അന്വേഷണം . കുട്ടികള്‍ അജ്മേരി ഗേറ്റിന് സമീപത്തേക്ക് നീങ്ങുന്നത് കണ്ടതോടെ ലക്ഷ്യം ഡല്‍ഹി റെയില്‍വേ സ്റ്റേഷനാണെന്ന് ബോധ്യപ്പെട്ടു . അവിടെ നിന്ന് ഇവര്‍ ട്രെയിന്‍ കയറിയെന്നും പൊലീസ് ഉറപ്പിച്ചു
സിസിടിവില്‍ കുട്ടികളെ കണ്ട സമയവും ട്രെയിന്‍ സമയക്രമവും വിശകലനം ചെയ്ത പൊലീസ് മഹാരാഷ്ട്രയലേക്കുള്ള സച്ച്ഖണ്ഡ് എക്സ്പ്രസില്‍ കുട്ടികള്‍ കയറിയേക്കാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. കുട്ടികളുടെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത് ഇത് ഉറപ്പിക്കുകയും ചെയ്തു . റയില്‍വേ പൊലീസുമായി ചേര്‍ന്ന് പിന്നീട് ട്രെയില്‍ പരിശോധന തുടങ്ങി. ഒടുവില്‍ നാസിക് റയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികളെ കണ്ടെത്തി. ഡല്‍ഹിയില്‍ എത്തിച്ച കുട്ടികളെ രക്ഷിതാക്കള്‍ക്ക് കൈമാറി . സദര്‍ ബസാര്‍ പ്രദേശത്തെ ഒരേ സ്കൂളിലാണ് കുട്ടികള്‍ പഠിക്കുന്നത്.