ബോളിവുഡ് താരം സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. അടുത്തിടെ അബുദാബിയിൽ വെച്ച് നടത്തിയ ബലൂചിസ്ഥാനെക്കുറിച്ചുള്ള പരാമർശങ്ങളാണ് പാക് നീക്കത്തിനു പിന്നില്‍. സല്‍മാന്റെ പരാമര്‍ശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും വിവാദത്തിനു വഴിവക്കുകയും ചെയ്തിരുന്നു. 

ഇന്ത്യന്‍ സിനിമാതാരം സല്‍മാന്‍ ഖാന്റെ പേര് തീവ്രവാദ വിരുദ്ധ നിയമം –1997ലെ നാലാം ഷെഡ്യൂളിൽ ആണ് ഉൾപ്പെടുത്തിയത്. തീവ്രവാദ ബന്ധം സംശയിക്കുന്ന വ്യക്തികളുടെ പേരുകള്‍ ഉൾപ്പെടുത്തുന്ന പട്ടികയാണിത്. സ്വതന്ത്ര ബലൂചിസ്ഥാന്‍ ചിന്തകരെ സഹായിക്കുന്ന ആളായതിനാലാണ് സല്‍മാനെ ഈ പട്ടികയില്‍പ്പെടുത്തുന്നതെന്നാണ് രേഖകളില്‍ വ്യക്തമാക്കുന്നത്. ഈ പട്ടികയില്‍പ്പെടുത്തുന്നത് സല്‍മാനെതിരെ കടുത്ത നിരീക്ഷണം, യാത്രാ നിയന്ത്രണം, നിയമനടപടികള്‍ അങ്ങനെ പല പ്രശ്നങ്ങള്‍ക്കും ഇടയാക്കിയേക്കും. 

ഷാരൂഖ് ഖാനും ആമിര്‍ ഖാനുമൊപ്പമാണ് സല്‍മാന്‍ അബുദാബിയിൽ നടന്ന ജോയ് ഫോറം 2025-ൽ പങ്കെടുത്തത്. മിഡിൽ ഈസ്റ്റിൽ ഇന്ത്യൻ സിനിമയുടെ വർദ്ധിച്ചുവരുന്ന സ്വാധീനമായിരുന്നു ചര്‍ച്ച. മിഡിൽ ഈസ്റ്റിൽ താമസിക്കുന്ന ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കിടയിൽ ഇന്ത്യൻ സിനിമയുടെ സ്വാധീനത്തെക്കുറിച്ച് സല്‍മാന്‍ പറഞ്ഞ വാക്കുകള്‍ ഇതാണ്–‘ ഒരു ഹിന്ദി സിനിമ എടുത്ത് സൗദിയില്‍ റിലീസ് ചെയ്താൽ, അത് ഒരു സൂപ്പർഹിറ്റായി മാറും. ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കിൽ മലയാളം സിനിമ നിർമ്മിക്കുകയാണെങ്കിൽ, അത് നൂറുകണക്കിന് കോടി രൂപയുടെ ബിസിനസ്സ് ചെയ്യും, കാരണം മറ്റ് രാജ്യങ്ങളിൽ നിന്ന് നിരവധി ആളുകൾ ഇവിടെ എത്തിയിട്ടുണ്ട്. ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്ഥാനിൽ നിന്നുള്ളവരുണ്ട്... എല്ലാവരും ഇവിടെ ജോലി ചെയ്യുന്നുണ്ട്’– ഈ വാക്കുകള്‍ പറഞ്ഞതിന് സല്‍മാനെ ബലൂച് വിഘടനവാദികള്‍ അഭിനന്ദിക്കുകയും ചെയ്തു.

ബലൂചിസ്ഥാന്‍ വാദികളുടെ  പോരാട്ടങ്ങൾക്ക് ഒരു അംഗീകാരമായാണ് ഈ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെട്ടത്.  ബലൂചിസ്ഥാനെ ഒരു പ്രത്യേക പ്രദേശമായി അംഗീകരിച്ചതിലൂടെ, പല രാജ്യങ്ങളും ചെയ്യാൻ മടിക്കുന്ന കാര്യമാണ് സൽമാൻ ഖാൻ ചെയ്തത്. ഇത് ഞങ്ങളുടെ സ്വത്വത്തെക്കുറിച്ചുള്ള ബോധം ആഗോളതലത്തില്‍ തന്നെ വര്‍ധിപ്പിക്കുന്ന ഒരു നിരീക്ഷണമായിരുന്നുവെന്നും ബലൂച് വാദികള്‍ പറഞ്ഞു.  

ENGLISH SUMMARY:

Salman Khan, the Bollywood actor, has been declared a terrorist by Pakistan following his comments about Balochistan. This declaration has sparked significant discussion and controversy, leading to increased scrutiny and potential legal repercussions for the actor.