ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മല്‍സരം ബഹിഷ്കരിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചതോടെ ഐസിസി എന്ത് നിലപാടെടുക്കുമെന്നാണ് കാത്തിരിക്കുന്നത്. ഒരുവശത്ത് കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. മറുവശത്ത് ഇന്ത്യ–പാക് മല്‍സരത്തിലൂടെയുള്ള പണം നഷ്ടമാകാതിരിക്കാന്‍ പാക്കിസ്ഥാനെ അനുനയിപ്പിക്കുകയെന്ന സാധ്യതയും നിലനില്‍ക്കുന്നു. അതേസമയം, ബഹിഷ്കരണത്തെക്കുറിച്ച് പി.സി.ബി ഔദ്യോഗികമായി ഐ.സി.സിയെ ഇതുവരെ അറിയിച്ചിട്ടില്ല. 

ബംഗ്ലദേശിനെ പിന്തുണച്ച് തുടങ്ങിയ പാക് നിലപാട്, 15 ന് നടക്കേണ്ട ഇന്ത്യയ്ക്കെതിരായ മല്‍സരം ബഹിഷ്കരിക്കുന്നതില്‍ എത്തിനില്‍ക്കുന്നു. കൊളംബോയില്‍ മല്‍സരത്തിനിറങ്ങിയില്ലെങ്കില്‍ പാക്കിസ്ഥാനെതിരെ സ്വീകരിക്കാന്‍ വിവിധ കര്‍ശന നടപടികളാണ് ഐസിസിക്ക് മുന്നിലുള്ളത്.  1 ലോകകപ്പില്‍ നിന്ന് പൂര്‍ണമായും പാക്കിസ്ഥാനെ വിലക്കുക. രണ്ട്. പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിയന്ത്രിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യാം. മൂന്ന് ഇന്ത്യ പാക് മല്‍സരത്തിലൂടെയുള്ള വരുമാനം ഇല്ലാതാകുന്ന സാഹചര്യത്തില്‍ ജിയോ സ്റ്റാറിന് പാക് ക്രിക്കറ്റ് ബോര്‍ഡ് നഷ്ടപരിഹാരം നല്‍കേണ്ടിവന്നേക്കും. നാല് പാക്കിസ്ഥാന് മറ്റ് പരമ്പരകളില്‍ പങ്കെടുക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്താം. അഞ്ച് പാക് ലീഗില്‍ പങ്കെടുക്കുന്നതിന് വിദേശതാരങ്ങള്‍ക്ക് അനുമതി നല്‍കാതിരിക്കാം.അതേസമയം, ഇന്ത്യ–പാക് മല്‍സരത്തിലൂടെയുള്ള സാമ്പത്തികം മുന്നില്‍കണ്ട് പാക്കിസ്ഥാനെ അനുനയിപ്പിക്കാനും സാധ്യതയുണ്ട്. വാര്‍ഷിക സാമ്പത്തികസഹായം കൂട്ടണമെന്നതടക്കം പാക് ആവശ്യങ്ങള്‍ ഐസിസി അംഗീകരിച്ചാല്‍ ബഹിഷ്കരണ ഭീഷണി പാക്കിസ്ഥാന്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന. മുന്‍ പാക് താരങ്ങളടക്കം സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും സാമ്പത്തികപ്രശ്നങ്ങള്‍ നേരിടുന്ന പിസിബി ഐസിസിക്ക് വഴങ്ങാനാണ് സാധ്യത. ഏഴിന് നെതല്‍ലന്‍ഡ്സിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മല്‍സരം.

ENGLISH SUMMARY:

The Pakistan cricket board's potential boycott of the T20 World Cup match against India has put the ICC in a difficult position. While there are calls for strict disciplinary action, the ICC might also consider the financial implications of cancelling the highly anticipated India-Pakistan fixture.