അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ വരുമോ ഇല്ലയോ എന്ന ചർച്ചകൾക്കിടയിൽ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി. അബ്ദുറഹിമാൻ. കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് വി. അബ്ദുറഹിമാൻ അറിയിച്ചു.
അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ വ്യത്യസ്തമായ ഒരു ബൈക്ക് റേസ് നടക്കാൻ പോകുന്നുണ്ട്. സിനിമാ താരം സൽമാൻ ഖാൻ ആണ് റേസ് ഉദ്ഘാടനം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. മലപ്പുറം പൂക്കോട്ടൂരിൽ മഡ് റേസ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
'അന്താരാഷ്ട്ര തലത്തിൽ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ബൈക്ക് റേസാണിത്. ഇന്ത്യയിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട സൽമാൻ ഖാനാണ് ഉദ്ഘാടനം ചെയ്യുന്നത്. പൊതു സമൂഹത്തിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ കണ്ടെത്തുക, അത് ആസ്വദിക്കുക എന്നതാണ് പുതു തലമുറ ചെയ്യുന്നത്. മഡ് റേസിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്.' മന്ത്രി പറഞ്ഞു.
അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ വരുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്നാണ് കായിക മന്ത്രി വി. അബ്ദുറഹിമാൻ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിനായി ഇപ്പോഴും ശ്രമം തുടരുകയാണ്. അർജന്റീന കേരളത്തിലേക്ക് വരുന്നതിനുള്ള വാതിലുകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.