barathan

TOPICS COVERED

മലയാള സിനിമയുടെ ഭരതന്‍ ടച്ച് ഇല്ലാതായിട്ട് 28 വര്‍ഷം. പ്രണയവും രതിയും അതിപ്രസരമില്ലാതെ ഇഴചേര്‍ത്ത പ്രമേയങ്ങളിലൂടെ, കാഴ്ചയിലൂടെ ഭരതന്‍ സൃഷ്ടിച്ചെടുത്ത സെല്ലുലോയിഡ് ഇന്നും മങ്ങാതെ പ്രേക്ഷക മനസില്‍ പ്രയാണം തുടരുന്നു.

പാടത്തിന്റെ വക്കില്‍ നനദുര്‍ഗാദേവിഭാവത്തില്‍ തട്ടകത്തമ്മയായ ഉത്രാളിക്കാവിലമ്മ, കണ്ണുതുറന്നാല്‍ കാണുന്നത് സുബ്രമണ്യന്‍കോവിലും, നരസിംഹമൂര്‍ത്തിയമ്പലവും. തൃശൂരിനടുത്ത് വടക്കാഞ്ചേരിയിലെ എങ്കക്കാട് ഗ്രാമത്തില്‍ നിന്ന് മനസ് നിറയെ കലയുടെ കടുംചായക്കൂട്ടുകളുമായി ഒരാള്‍ മദിരാശിക്ക് വണ്ടികയറി. പാലിശേരി പരമേശ്വരമേനോന്റേയും കാര്‍ത്യായനിയമ്മയുടേയും മകനായ ഭരതന്‍, എങ്കക്കാട്ടുകാരുടെ മണി. കൈമുതലായുണ്ടായിരുന്നത് കുട്ടിക്കാലത്ത് പച്ചിലച്ചാറും കരിക്കട്ടയും കൊണ്ട് ചുമരില്‍ വരച്ച കൃഷ്ണനെ നോക്കി അമ്മ ഭക്തിയോടെ തൊഴുതതിന്റെ ആത്മവിശ്വാസം. ചെറിയച്ഛന്‍ പി എന്‍ മേനോന്‍ എന്ന പ്രതിഭാധനനില്‍ നിന്ന് ആദ്യാക്ഷരം കുറിച്ച് മലയാള സിനിമയുടെ ക്യാന്‍വാസ് മാറ്റിയെഴുതിയ സംവിധായകന്‍ ഭരതനായി ആ ചെറുപ്പക്കാരന്‍ മാറിയത് ക്ഷണനേരംകൊണ്ടായിരുന്നു. വിന്‍സെന്റിന്റെ ഗന്ധര്‍വക്ഷേത്രത്തില്‍ കലാസംവിധായകനായി തുടക്കം. പ്രയാണം തൊട്ട് തുടങ്ങിയ സ്വതന്ത്രസിനിമായാത്ര. 

പ്രണയം കാമം സ്നേഹം സൗഹൃദം നിസ്സഹായത അഹങ്കാരം, അങ്ങനെ ഒാരോ ഭാവങ്ങള്‍ക്കും ഒാരോ സിനിമ എണ്ണിപ്പറയവുന്ന 40 ഭരതന്‍ സിനിമകള്‍. മലയാളി എന്നും പൊതിഞ്ഞുപിടിച്ച് മാത്രം കൊണ്ട് നടന്നിട്ടുള്ള രതിയെന്ന വികാരത്തെ ഒരു ശില്‍പിയുടെ വൈദഗ്ധ്യത്തോടെ അവതരിപ്പിച്ചു ഭരതന്‍. പ്രയാണത്തില്‍, രതിനിര്‍വേദത്തില്‍, വൈശാലിയില്‍... വൈശാലിയേയും അവളുടെ പ്രണയവും ചരിത്രം മറക്കില്ല. പഞ്ചബാണദൂതിയായി ചെന്ന് മാമുനിയെ കൊണ്ടുവരാന്‍ ധൈര്യം കാണിക്കുന്ന പെണ്‍കൊടി ഒരു ഘട്ടത്തില്‍ പോലും അനഭിമതയാകുന്നില്ല. ഒരു സ്ത്രീയുടെ ശബ്ദം ദൈവത്തിന്റെ മഴയാകുന്ന കഥ ചിത്രകാരന്റെ ഭാവനയില്‍ മുഴുവനായും വരച്ചിട്ടാണ് ഭരതന്‍ ചിത്രീകരണം തുടങ്ങിയത്.

സിനിമയുടെ ഒാരോ ഫ്രെയിമും ഒാരോ പെയ്ന്റിങ്ങാണ്. മലയാളിക്ക് കണ്ട് ശീലമുള്ളതും അല്ലാത്തതുമായ കഥകള്‍ ചമയിച്ചതുകൊണ്ടാണ് നമ്മുടെ മനസിന്റെ അമരത്ത് ഇന്നും അദ്ദേഹം അനശ്വരനായിരിക്കുന്നത്. മാളൂട്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചിലമ്പ്, കാതോടുകാതോരം, കാറ്റത്തെ കിളിക്കൂട്, ചമയം, പാഥേയം, അമരം, കേളി.. പറയാനാണെങ്കില്‍ 40 ചിത്രങ്ങളും പറയാം. 

കൂട്ടുകാര്‍ എന്നും അദ്ദേഹത്തിന്റെ ശക്തിയായിരുന്നു. ദൗര്‍ബല്യവും. അവരൊന്ന് തിരക്കിലായാല്‍ താന്‍ ഒറ്റപ്പെട്ടുപോവുമോ എന്ന് പേടിച്ചിരുന്നു. എങ്കക്കാട്ടുകാരുടെ മണിയേക്കാള്‍ ആ പരിഭവം അറിഞ്ഞിട്ടുള്ളത് സിനിമാകൂട്ടുകാരാണ്. ആ സ്വഭാവം പലപ്പോഴും സിനിമക്ക് പൂര്‍ണത കൊടുത്തിട്ടുണ്ട് എന്നത് താഴ്്വാരം, കേളി, വെങ്കലം ഒക്കെ കാണുമ്പോള്‍ തോന്നും.  സിനിമയില്‍ നേരിട്ടും അല്ലാതെയും ഭരതനെ മാനസഗുരുവാക്കിയവരുണ്ട്. രാം ഗോപാല്‍ വര്‍മ അവരില്‍ ഒരാള്‍ മാത്രം. സ്വന്തം വീഡിയോ ഷോപ്പില്‍ അധികവും ഉണ്ടായിരുന്നത് ഭരതന്‍ സിനിമകളുടെ ശേഖരമായിരുന്നു. എന്തിനിത്ര വേഗം വിട്ടുപോയി എന്ന ചോദ്യം ഒാരോ ആസ്വാദകനും ചോദിക്കുന്നതിന്റെ ചിലമ്പൊലി കേള്‍ക്കാം ശ്രദ്ധിച്ചാല്‍. നക്ഷത്രങ്ങള്‍ക്ക് മരണമില്ലല്ലോ. അതുകൊണ്ട് ഭരതന്റെ മരണം ഒരു അര്‍ധവിരാമം മാത്രമാണ്. ചക്രവാളത്തിനപ്പുറത്തെ ലോകത്ത് സെല്ലുലോയിഡില്‍ ഭരതന്‍ ടച്ച് തുടരുകയാവും.

ENGLISH SUMMARY:

It has been 28 years since Malayalam cinema lost Bharathan — a master craftsman who intertwined love, sensuality, and life’s essence through visuals rather than excess. His cinematic language, rich with emotion and restrained storytelling, continues to live on vividly in the minds of film lovers.