.
താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പില്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകള്‍ക്ക് പിന്തുണയെന്ന് ജഗദീഷ് അറിയിച്ചു. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും വ്യക്തിപരമായി അറിയിക്കുകയും ചെയ്തു. മൂവരുടെയും പിന്തുണ ലഭിച്ചാല്‍ പത്രിക പിന്‍വലിക്കും.
താരസംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 74 പേർ പത്രിക നൽകിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്കു വനിതകളുൾപ്പെടെ 6 പേരാണു പത്രിക നൽകിയത്. ഈ മാസം 31നു പത്രിക പിൻവലിക്കുന്ന ദിവസമേ പാനലുകളും കൂട്ടുകെട്ടുകളും സംബന്ധിച്ച് അന്തിമ ചിത്രമാകൂ. ഓഗസ്റ്റ് 15നു കൊച്ചിയിലാണു തിരഞ്ഞെടുപ്പ്. ആദ്യമായാണ് ഇത്രയും പേർ മത്സരരംഗത്തെത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കു ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവർ പത്രിക നൽകിയിട്ടുണ്ട്. മത്സരരംഗത്തുള്ള ഏറ്റവും സീനിയർ അംഗങ്ങൾ ജഗദീഷും ദേവനുമാണ്. Also Read: ബാബുരാജിന്‍റെ ചെയ്തികള്‍ വെളുപ്പിക്കാനാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി കസേര: അനൂപ് ചന്ദ്രന്‍
അമ്മയിൽ തലമുറമാറ്റം വേണമെന്നും യുവനേതൃത്വം വരണമെന്നും നേതൃനിരയിലുണ്ടായിരുന്ന മുതിർന്ന നടന്മാർ പല തവണ അഭ്യർഥിച്ചെങ്കിലും പ്രമുഖ യുവനടന്മാർ മുന്നോട്ടു വന്നില്ല. വിജയരാഘവൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പത്രിക നൽകിയില്ല. പ്രസിഡന്റ് സ്ഥാനത്തേക്കു ജോയ് മാത്യു നൽകിയ പത്രിക തള്ളി. ജഗദീഷ് മത്സരിക്കുന്ന സാഹചര്യത്തിൽ വിട്ടുനിൽക്കാൻ തീരുമാനിച്ചതിനാൽ നാമനിർദേശ പത്രികയിലെ ഡിക്ലറേഷനിൽ ഒപ്പിടാതിരുന്നതാണെന്നു ജോയ് മാത്യുവുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു ജോയ് മാത്യുവിന്‍റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ എല്ലാ സ്ഥാനങ്ങളിലേക്കും പത്രിക നൽകിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജും പത്രിക നൽകി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യനായർ, കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ എന്നിവരും പത്രിക നൽകി. ട്രഷറർ സ്ഥാനത്തേക്കു വിനു മോഹൻ, ടിനി ടോം, കുക്കു പരമേശ്വരൻ, സുരേഷ് കൃഷ്ണ, കൈലാഷ് എന്നിവരും പത്രിക നൽകി.