baburaj-and-anoop

TOPICS COVERED

അമ്മ സംഘടന തിരഞ്ഞെടുപ്പില്‍ ബലാല്‍സംഗക്കേസില്‍ ആരോപണവിധേയനായ ബാബുരാജ് മല്‍സരിക്കുന്നതിനെതിരെ വിഡിയോയുമായി നടന്‍ അനൂപ് ചന്ദ്രന്‍. അമ്മയുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ചിത്രീകരിച്ച വിഡിയോയാണ് പുറത്തുവന്നത്. ഇതിന് ദിലീപ് അടക്കമുള്ള നടന്‍മാരെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ആരോപണവിധേയരായവര്‍ സാമൂഹികബോധം കൊണ്ട് തിരഞ്ഞെടുപ്പിന് മല്‍സരിക്കാതെ മാറിനിന്നെന്നും എന്നാല്‍ ബാബുരാജ് അതിന് തയാറായില്ലെന്നും അനൂപ് ചൂണ്ടിക്കാട്ടി.

ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ നില്‍ക്കുന്ന ആളാണോ അമ്മയെ നയിക്കേണ്ടതെന്നും ബാബുരാജ് മല്‍സരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കാത്തത് അദ്ദേഹത്തിന് ചില സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ ഉള്ളതുകൊണ്ടാണെന്നും അനൂപ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്‍റെ ചെയ്തികള്‍ വെളുപ്പിച്ചെടുക്കാനുള്ള കസേരയായാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി കസേരയെ ബാബുരാജ് കാണുന്നതെന്നും അനൂപ് ആരോപിച്ചു. 

അനൂപിന്‍റെ വാക്കുകള്‍

നമുക്ക് പറയാനുള്ള കാര്യങ്ങള്‍ സോഷ്യല്‍മീഡിയയിലോ മറ്റ് മാധ്യമങ്ങളിലോ പങ്കുവെക്കാന്‍ ബൈലോ അനുവാദം തരുന്നില്ല. ആയതിനാല്‍ ഇത് അമ്മയുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള വിഡിയോ ആണ്. ഇത് മാധ്യമങ്ങളുടെ കയ്യില്‍ എത്താതിരിക്കാന്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. സദ്ഗുണ സമ്പന്നരായ മക്കളുണ്ടാകുമ്പോഴാണ് അമ്മമാര്‍ക്ക് സമൂഹത്തില്‍ വിലയുണ്ടാകുക. ഒരു നടി ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനയുടെ മഹാത്മ്യം കാത്തുസൂക്ഷിക്കാന്‍ ഒരു നടനെ പുറത്താക്കിയ സംഘടനയാണ് അമ്മ. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം അതിഭീകരമായ ആരോപണങ്ങള്‍ വന്ന നടന്‍മാരെ വരെ മാറ്റിനിര്‍ത്തിയ സംഘടനയാണ് അമ്മ. ആരോപണവിധേയരായ ആരും അവരുടെ സാമൂഹികബോധം കൊണ്ട് തിരഞ്ഞെടുപ്പിന് മല്‍സരിക്കാതെ മാറിനിന്നു. 

എന്നാല്‍ ബാബുരാജ് മാത്രം മല്‍സരരംഗത്തേക്ക് തിരിച്ചുവരുന്നു. വരുന്നത് അമ്മയുടെ തലപ്പത്തേക്കാണ് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്കാണ്. ഒരു ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ നില്‍ക്കുന്ന ആളാണ് ബാബുരാജ്. അങ്ങനെ ഒരാളാണോ അമ്മയെ നയിക്കേണ്ടത്. നാളെ പൊതുസമൂഹം നിങ്ങളുടെ നിലവാരം ഇത്രക്ക് ഇടിഞ്ഞുപോയോ എന്ന് ചോദിച്ചാല്‍ നമ്മള്‍ എന്ത് മറുപടി പറയും. അതുകൊണ്ട് ബാബുരാജ് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ അദ്ദേഹത്തിന് ചില സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ ഈ സംഘടനയുടെ തലപ്പത്ത് വരുന്നതിലൂടെയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള ചെയ്തികള്‍ ഒന്ന് വെളുപ്പിക്കണം. അതിന് ഒരു കസേര വേണം. അതിന് പറ്റിയ കസേരയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി കസേര.

ENGLISH SUMMARY:

Actor Anoop Chandran has released a video opposing the candidacy of actor Babu Raj in the AMMA association elections. Babu Raj is an accused in a rape case, and Anoop's video questions the appropriateness of allowing such individuals to contest in the industry's representative body.