Instagram: Crizildaa
തമിഴ് നടനും ഷെഫുമായ മദംപട്ടി രംഗരാജും കോസ്റ്റ്യും ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ ജോയ് ക്രിസില്‍ഡയും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതിനൊപ്പം വിവാദവും ആളിക്കത്തുകയാണ്. ക്രിസിൽഡയാണ് വിവാഹ ചിത്രങ്ങൾ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ‘മിസ്റ്റർ ആൻഡ് മിസിസ് രംഗരാജ്’ എന്ന ക്യാപ്ഷനോടെയാണ് വിവാഹച്ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതുകൂടാതെ താൻ ആറുമാസം ഗർഭിണിയാണെന്നും ക്രിസിൽഡ വെളിപ്പെടുത്തി. രംഗരാജിന്റെ രണ്ടാം വിവാഹമാണിത്.
പാചകവിദഗ്ധനായ രംഗരാജ് നടനെന്ന നിലയിലും ടെലിവിഷന്‍ ഷോയിലൂടെയും പ്രശസ്തനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി രാഷ്ട്രീയ പ്രമുഖര്‍ക്കും സിനിമാ താരങ്ങൾക്കും ഭക്ഷണം പാകം ചെയ്തതും നേരത്തേ വാര്‍ത്തയായിരുന്നു. പ്രശസ്ത ഷോയായ ‘കുക്ക് വിത്ത് കോമാളി’യിലെ വിധികർത്താവായ രംഗരാജിന് വലിയ ആരാധകവൃന്ദം കൂടിയുണ്ട്. വിവാഹവും ഗര്‍ഭവും ഒന്നിച്ചറിയിച്ചത് ഇരുവരേയും സോഷ്യല്‍മീഡിയയില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ട്. സംവിധായകന്‍ രാജു മുരുകന്റെ സഹോദരന്‍ ശരവണന്‍ സംവിധാനം ചെയ്ത ‘മെഹന്ദി സർക്കസ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം നല്ല പ്രതികരണം നേടിയിരുന്നെങ്കിലും, അതിനുശേഷം അദ്ദേഹം പ്രധാന കഥാപാത്രമായി സിനിമകളൊന്നും വന്നിരുന്നില്ല.
Instagram: Crizildaa
ആദ്യഭാര്യയായ ശ്രുതിയില്‍ രംഗരാജിന് രണ്ട് ആൺമക്കളുണ്ട്. ജോയ് ക്രിസിലിഡയുമായി ബന്ധം തുടങ്ങുന്നതിന് മുമ്പ് അവരുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രംഗരാജും ക്രിസില്‍ഡയും വാലന്റൈന്‍സ്ഡേ ഒന്നിച്ചാഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് പുറംലോകമറിഞ്ഞത് . ഇന്‍സ്റ്റഗ്രാം പേജില്‍ പേര് ‘ജോയ് രംഗരാജ്’ എന്നു മാറ്റുകയും ചെയ്തിരുന്നു. അതേസമയം ശ്രുതിയുമായുള്ള വിവാഹമോചന നടപടികള്‍ നിയമപരമായി പൂര്‍ത്തിയാക്കിയിട്ടില്ല.
വെങ്കിടേഷ് ഭട്ട് ‘കുക്ക് വിത്ത് കോമാളി’ വിട്ടതിനുശേഷമാണ് രംഗരാജ് ടെലിവിഷനിലേക്ക് കടന്നുവന്നത്. സിനിമകളിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും, ടെലിവിഷനില്‍ അദ്ദേഹം നിറസാന്നിധ്യമായിരുന്നു. രംഗരാജിന്റെ പുതിയ ജീവിതത്തിന് ആശംസകളേകി നിരവധി കമന്റുകളും സോഷ്യല്‍മീഡിയ പോസ്റ്റിനു താഴെ നിറയുന്നുണ്ട്.