Image Credit: instagram.com/jewelmary.official
യൂട്യൂബ് ചാനലുകളില്‍ വരുന്ന അനുചിതമായ കണ്ടന്‍റുകളെ വിമര്‍ശിച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി. ജോലി ചെയ്യുമ്പോള്‍ വാക്കും ഭാഷയും ചോദ്യങ്ങളും മനുഷ്യരെ സ്വാധീനിക്കുന്നുണ്ടെന്ന ബോധം ഉണ്ടാവണമെന്ന് ജുവല്‍ മേരി പറഞ്ഞു. ലഭിക്കുന്ന ചോദ്യങ്ങള്‍ വായിച്ചു നോക്കിയ ശേഷം മനസാക്ഷിക്ക് നിരക്കാത്തതാണങ്കില്‍ ചോദിക്കില്ലെന്ന പറയാന്‍ സാധിക്കണമെന്നും ജുവല്‍ മേരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം തൊപ്പിയുടെ സുഹൃത്തിന്‍റെ വിഡിയോയിലെ വിവാദ പരാമര്‍ശങ്ങളെ ജുവല്‍ മേരി വിമര്‍ശിക്കുന്നുണ്ട്. ‘കുളിമുറിയിൽ ഒളിഞ്ഞു നോക്കാൻ പോയപ്പോൾ കൗതുകം ആയിരുന്നോ, ആകാംഷ ആയിരുന്നോ’ എന്നാണ് ചോദ്യം. അവന്‍ വെളിവില്ലാതെ ചെയ്ത കുറ്റകൃത്യം ഒക്കെ വിളിച്ചു പറയുന്നതിനെ എങ്ങനെയാണ് ഇത്ര നിസാരവൽക്കരിച്ചു ചോദ്യം ചോദിക്കുന്നത് എന്നാണ് ജുവല്‍ മേരിയുടെ വാക്കുകള്‍. ഒളിഞ്ഞു നോട്ടത്തിലെ ആകാംക്ഷ ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ് പ്രമോട്ട് ചെയ്യുമ്പോള്‍ കുറ്റവാളികള്‍ക്ക് നിങ്ങൾ വളം വയ്ക്കുന്നതെന്നും വിഡിയോയില്‍ പറയുന്നു.
Also Read: ‘കുളിസീന്‍ കാണാന്‍ ഒളിഞ്ഞുനോക്കി, പിടിക്കപ്പെടാതെ ഓടി’; വിവാദ പരാമര്‍ശവുമായി തൊപ്പിയുടെ സഹചാരി മമ്മു
'ആങ്കർ എന്നത് ശമ്പളം വാങ്ങുന്ന ഒരു തൊഴിലാളി മാത്രമല്ല. ഒരു വ്യക്തി കൂടിയാണ്. നിങ്ങൾക്കൊരു വ്യക്തിത്വമുണ്ട്, മനഃസാക്ഷിയുണ്ട്. നിങ്ങൾ കുറച്ചുകൂടി വിവേകത്തോടെ പെരുമാറണം. നിങ്ങളെ കാണുന്ന മനുഷ്യർ നിങ്ങളാൽ സ്വാധീനിക്കപ്പെടുന്നുണ്ട്, നിങ്ങളുടെ ചോദ്യങ്ങളുടെ നിലവാരമില്ലായ്മ, അതിലുള്ള ദ്വയാർഥങ്ങൾ, അതിലുള്ള വൃത്തികേടുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ട്' ജുവല്‍ മേരി പറയുന്നു.
'ഒരാളുടെ ചോദ്യം ‘ആദ്യമായിട്ടൊരു കുഞ്ഞു ജനിച്ചപ്പോൾ അത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നശിപ്പിച്ചല്ലേ’ എന്നാണ്. അത് ഭയങ്കര സന്തോഷത്തിലാണ് ചോദിക്കുന്നത്. ആ ചോദ്യം ചോദിക്കുന്നത് കണ്ടപ്പോൾ ചോദ്യം അവർ ഇതുവരെ വായിച്ചിട്ടില്ലെന്ന് മനസിലായി. നിങ്ങളാണ് ക്യാമറയ്ക്ക് മുന്നിൽ ഇരിക്കുന്നത്. നിങ്ങൾ എന്താണ് ചോദിക്കാൻ പോകുന്നതെന്ന് വ്യക്തമായ ബോധം നിങ്ങൾക്ക് ഉണ്ടാകണം. ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോൾ ഇതേ കഥ ജീവിതത്തിൽ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത്' എന്നും ജുവല്‍മേരിയുടെ വാക്കുകള്‍.
'ഇനിയും വൈകിയിട്ടില്ല. നല്ല വ്യക്തിത്വമുള്ളവരാവുക, നല്ല മനുഷ്യരാവുക ആദ്യം. ഇച്ചിരെ ഏറെ പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകൾക്കു അല്പം മൂർച്ചയുണ്ട്. ഇതിനെ ഇനി മയപ്പെടുത്തി പറയാൻ കഴിയില്ല' എന്ന് പറഞ്ഞാണ് ജുവൽ മേരിയുടെ വിഡിയോ അവസാനിക്കുന്നത്.