മലയാളത്തില്‍ ഇന്ന് ഏറ്റവുമധികം സ്റ്റാര്‍ഡമുള്ള യുവതാരം, രാജ്യമാകെ പടര്‍ന്നിരിയ്ക്കുന്ന ആരാധക വൃന്ദം. ദുല്‍ഖര്‍ സല്‍മാനെ ഈ നിലയിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതില്‍ അന്യഭാഷ ചിത്രങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. പ്രത്യേകിച്ച് കൊവിഡിനെ ശേഷം മലയാളത്തെക്കാളധികം അന്യഭാഷയില്‍ തിളങ്ങുന്ന ദുല്‍ഖറിനെ കാണാം. കൊവിഡിന് ശേഷം മലയാളത്തില്‍ താരം മൂന്ന് ചിത്രങ്ങള്‍ ചെയ്തപ്പോള്‍ അന്യഭാഷയില്‍ പുറത്തുവന്നത് അഞ്ച് ചിത്രങ്ങളാണ്. മലയാളത്തില്‍ ഒന്ന് മാത്രം വലിയ വിജയമായപ്പോള്‍ അന്യഭാഷയിലെ ചിത്രങ്ങള്‍ ദുല്‍ഖറിലെ അഭിനേതാവിനും സ്റ്റാറിനും പുതിയ മാനങ്ങള്‍ നല്‍കുന്നതായി. അന്യഭാഷയിലെ ദുല്‍ഖറിന്‍റെ ഈ മികച്ച ട്രാക്ക് റെക്കോര്‍ഡിന് പിന്നിലെ കാരണമെന്താവാം.
2012ലാണ് 'സെക്കന്‍റ് ഷോ'യിലൂടെ ദുല്‍ഖര്‍ സിനിമാലോകത്തേക്ക് എത്തുന്നത്. സിനിമയിലെത്തി മൂന്നാം വര്‍ഷം തന്നെ അന്യഭാഷയിലേക്ക് ദുല്‍ഖറിന് ആദ്യക്ഷണം ലഭിക്കുന്നു, അതും ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായന്‍ മണിരത്നത്തിന്‍റെ ചിത്രത്തില്‍. മണിരത്നത്തിന്‍റെ പ്രണയഭാഷക്ക് തന്നെ പുതിയ മാനങ്ങള്‍ തീര്‍ത്ത 'ഓ കാതല്‍ കണ്‍മണിയി'ലെ ദുല്‍ഖര്‍– നിത്യ പെയറിനും ലഭിച്ചത് വലിയ സ്വീകാര്യതയാണ്. കേരളത്തിന് പുറത്തെ വലിയ കാന്‍വാസിലുള്ള തെന്നിന്ത്യന്‍ സിനിമാ ലോകത്തേക്ക് ദുല്‍ഖറിന് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമായിരുന്നു 'ഓകെ കണ്‍മണി'.
2018ല്‍ 'മഹാനടി'യിലൂടെയാണ് ദുല്‍ഖര്‍ തെലുങ്കിലേക്ക് ചുവടുവക്കുന്നത്. നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നായികാപ്രാധാന്യമുള്ള ചിത്രമാണെങ്കിലും ദുല്‍ഖറിന്‍റെ പ്രകടനം തെലുങ്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെയാണ് ബോളിവുഡ് അരങ്ങേറ്റവും നടന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത 'കര്‍വാന്‍'. ഇര്‍ഫാന്‍ ഖാനൊപ്പം ദുല്‍ഖറും മിഥില പല്‍ക്കറും അഭിനയിച്ച 'കര്‍വാന്‍' ഇന്നും ഹിന്ദിയിലെ ഫീല്‍ഗുഡ് ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ്.
അന്യഭാഷ ചിത്രങ്ങളില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ദുല്‍ഖറിന് ഫില്‍മോഗ്രഫിയില്‍ തെറ്റിപ്പോയ രണ്ട് ചിത്രങ്ങള്‍ 2019ല്‍ പുറത്തുവന്ന 'സോയ ഫാക്ടറും' 2022ലെ 'ഹേ സിനാമിക'യുമാണ്. ഇരുചിത്രങ്ങളും തിയേറ്ററില്‍ പരാജയപ്പെട്ടു. 'കുറുപ്പ്' പോലെയൊരു വലിയ വിജയത്തിന് ശേഷം പല ഭാഷകളില്‍ റിലീസ് ചെയ്ത 'ഹേ സിനാമി'ക താരത്തിന് വലിയ തിരിച്ചടിയായി.
'ഹേ സിനാമിക'യുടെ പരാജയത്തില്‍ നിന്നും ദുല്‍ഖറിന് ലഭിച്ച ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു 'സീതാ രാമം'. ഹനുരാഘവപ്പുടിയുടെ പ്രണയകാവ്യത്തിലെ രാമനേയും സീതയേയും ഭാഷഭേതമെന്യേ പ്രേക്ഷകര്‍ സ്വീകരിച്ചു. പട്ടാളക്കാരനായ നായകനാണെങ്കിലും ഡിക്യുവിന്‍റെ സ്ട്രോങ് ഹോള്‍ഡായ ചാമിങ് റൊമാന്‍റിക് ബോയ്ഫ്രണ്ടിനെ മികച്ച രീതിയില്‍ ഉപയോഗിച്ച സിനിമയാണ് 'സീതാ രാമം'. സക്സസായ പ്രണയങ്ങളെക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നതാണ് നഷ്ടപ്രണയം. എല്ലാം വിട്ടെറിഞ്ഞു വന്ന രാജകുമാരിയോടും ജീവിതത്തോടും തന്നെ യാത്രപറഞ്ഞുപോയ പട്ടാളക്കാരന്‍റെ പ്രണയത്തെ നാളുകളോളം പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു. മാസ് ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമേ പാന്‍ ഇന്ത്യന്‍ ഹിറ്റടിക്കൂ എന്ന പതിവിനെ ഈ കൊച്ചുപ്രണയ ചിത്രം തിരുത്തിയെഴുതി. ഡിക്യുവിന്‍റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി 'സീതാ രാമം'. ദുല്‍ഖറിന് ആദ്യമായി 100 കോടി കളക്ഷന്‍ ചിത്രം നല്‍കുമെന്ന പ്രതീതി ഉണ്ടായെങ്കിലും 91 കോടിയില്‍ കളക്ഷന്‍ നിന്നു. നിറഞ്ഞ തിയേറ്ററുകളില്‍ ഓടുമ്പോള്‍ തന്നെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തതും ഇതിനൊരു കാരണമായി പലരും വിലയിരുത്തുന്നുണ്ട്.
'സീതാ രാമ'ത്തോടെ ദുല്‍ഖറിന്‍റെ ഫാന്‍ബേസ് കുത്തനെ കൂടി. പിന്നാലെ പുറത്തിറങ്ങിയ 'ചുപ്പ്' ദുല്‍ഖറിലെ അഭിനേതാവിനെ വെല്ലുവിളിക്കുന്നതായിരുന്നു. സൈക്കോയായ വില്ലനെ കണ്ട് പ്രേക്ഷകര്‍ ഞെട്ടി. അന്നോളം തന്നിലെ അഭിനേതാവിനെ പരിഹസിച്ചവര്‍ക്ക് ഒരേസമയം ക്യൂട്ടായ നായകനായും ക്രൂരനായ കൊലപാതകിയായും ദുല്‍ഖറിലെ പെര്‍ഫോര്‍മര്‍ മറുപടി നല്‍കി. 'ചുപ്പി'ലെ ഡാനിക്ക് ദാദാസാഹേബ് ഫാല്‍ക്കേ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വില്ലനുള്ള അവാര്‍ഡും ലഭിച്ചു.
പ്രഭാസിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'കല്‍ക്കി'യിലെ ദുല്‍ഖറിന്‍റെ കാമിയോ വലിയ പ്രതീക്ഷയുയര്‍ത്തിയെങ്കിലും ഈ റോളിന് വിമര്‍ശനങ്ങളാണ് ലഭിച്ചത്. അന്യഭാഷകളില്‍ തിളങ്ങവേ മലയാളത്തിലേക്ക് വന്‍തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് 'കിങ് ഓഫ് കൊത്ത' ദുല്‍ഖര്‍ ചെയ്തത്. ചിത്രം ബോക്സ് ഓഫീസില്‍ മൂക്ക് കുത്തി എന്ന് മാത്രമല്ല, രാജു എന്ന മാസ് നായകനും സിനിമയും ട്രോള്‍ ചെയ്യപ്പെട്ടു. എന്നാല്‍ ഈ പരാജയത്തിന് നിരാശയ്ക്കും അധികം ആയുസുണ്ടായിരുന്നില്ല. 'സീതാ രാമം' പോലെ 'ലക്കി ഭാസ്കറു'മായി തെലുങ്ക് മണ്ണ് ദുല്‍ഖറിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. കണക്കിലെ കളികളുമായി ഒരു സാധാരണ ബാങ്ക് ജീവനക്കാരന്‍ കോടീശ്വരനായ മാജിക്കും പ്രേക്ഷകരെ ഹരം കൊള്ളിച്ചു. 'ലക്കി ഭാസ്കര്‍' അന്യദേശത്ത് വീണ്ടും ദുല്‍ഖറിന്‍റെ ലക്ക് തെളിയിച്ചു. ചിത്രം 100 കോടി നേടി. തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ദുല്‍ഖറിന് ബെസ്റ്റ് ആക്ടറിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി തന്നെ ദുല്‍ഖറിനെ നേരിട്ട് വിളിച്ച് ആദരിച്ചു.
മലയാളത്തിലെ ദുല്‍ഖറിന്‍റെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് വിമര്‍ശിക്കപ്പെട്ടപ്പോള്‍ തെലുങ്കിലെ അവാര്‍ഡ് അര്‍ഹിച്ച അംഗീകാരമെന്ന് വാഴ്ത്തപ്പെട്ടു. അമാനുഷികതയും ആകാശത്തോളം പറക്കുന്ന ആക്ഷന്‍ രംഗങ്ങളും മുഖമുദ്രയായ തെലുങ്കില്‍, പച്ചയായ, ജീവിതത്തോടെ ചേര്‍ന്നുനില്‍ക്കുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍ സ്വീകരിക്കപ്പെട്ടു. ഒരുവിധത്തില്‍ പറഞ്ഞാല്‍ തെലുങ്ക് സിനിമയുടെ ദത്ത് പുത്രനായി ദുല്‍ഖര്‍. അഭിനയിക്കുന്ന ഭാഷകളില്‍ ഒഴുക്കോടെ ഉച്ഛാരണഭംഗിയോടെ ഡബ്ബ് ചെയ്യുന്നതും താരത്തെ അവിടുത്തെ പ്രേക്ഷകരോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്നു. കേരളത്തിന് പുറത്തേക്ക് പോയാല്‍ ലഭിക്കുന്ന വമ്പന്‍ ബജറ്റും വൈഡ് റിലീസും സ്ട്രോങ് മാര്‍ക്കറ്റും ദുല്‍ഖര്‍ ചിത്രങ്ങളുടെ വിജയത്തില്‍ പങ്ക് വഹിക്കുന്നുണ്ട്.
അന്യഭാഷയിലും മികച്ച സംവിധായകരെ ഒപ്പം കൂട്ടാന്‍ ദുല്‍ഖര്‍ ശ്രമിക്കാറുണ്ട്. മണിരത്നവും ഹനു രാഘവപ്പുടിയും ആര്‍.ബാല്‍കിയുമൊക്കെ ദുല്‍ഖറിന് ലഭിച്ച മികച്ച കൂട്ടുകെട്ടുകളാണ്. കരിയറിന്‍റെ വളര്‍ച്ചക്കായി ദുല്‍ഖര്‍ കൈക്കൊള്ളുന്ന സ്ട്രാറ്റജിയും മറ്റ് അഭിനേതാക്കള്‍ക്ക് മാതൃകയാക്കാവുന്നതാണ്.
അന്യഭാഷ ചിത്രങ്ങളുടെ സെലക്ഷനില്‍ അദ്ദേഹം പുലര്‍ത്തുന്ന ഒരു പ്രത്യേക ശ്രദ്ധയുണ്ട്. സ്ക്രിപ്റ്റ് ഔട്ട്സ്റ്റാന്‍ഡിങ്ങായിരിക്കണം. അന്യഭാഷയിലെ സിനിമകളിലും വേഴ്സാറ്റാലിറ്റി പുലര്‍ത്തുന്ന ദുല്‍ഖര്‍ 'കാന്താ'യിലൂടെ തന്നിലെ പെര്‍ഫോര്‍മറെ വീണ്ടും പുറത്തെടുക്കാനൊരുങ്ങുകയാണ്. വരാന്‍ പോകുന്നത് വലുതെന്ന സൂചനയാണ് പുറത്തുവന്ന ടീസര്‍ നല്‍കുന്നത്. തെലുങ്കില്‍ ഇതിനോടകം തന്നെ ചുവടുറപ്പിച്ച ദുല്‍ഖറിന്‍റെ 'ആകാശംലോ ഒക തറ'യും പ്രതീക്ഷകളുണര്‍ത്തുന്നതാണ്. അന്യഭാഷയില്‍ തിളങ്ങുന്ന ദുല്‍ഖറിനെ മലയാളവും മാടിവിളിക്കുന്നുണ്ട്. നഹാസ് ഹിദായത്തിന്‍റെ 'അയാം ഗെയി'മിന്‍റെ അപ്ഡേഷനായി മോളിവുഡും കാത്തിരിക്കുന്നുവെന്ന് ദുല്‍ഖറിനെ മലയാളി പ്രേക്ഷകരും ഓര്‍മിപ്പിക്കുകയാണ്.