പ്രിവിലേജ് ഒന്നും എടുക്കാതെ സെക്കന്‍റ് ഷോയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം. സാക്ഷാല്‍ മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ പിറന്നാളാണിന്ന്. ഈ പിറന്നാൾ ദിനം ദുൽഖർ സൽമാ൯ ചെന്നൈയിൽ വിശ്രമത്തിലുള്ള വാപ്പച്ചിക്കൊപ്പമാണ്. താരത്തിന്‍റെ തമിഴ് ചിത്രം കാന്തയുടെ ടീസര്‍ ഇന്ന് പുറത്തുവരും. ഒരു കംപ്ലീറ്റ് ദുല്‍ഖര്‍ ഷോ തന്നെയാകും ചിത്രമെന്നാണ് വിലയിരുത്തല്‍.
ഡിക്യുവിന്‍റെ പാ൯ ഇന്ത്യ൯ വിജയയാത്ര തുടരുകയാണ്. ആരാധകപ്പട തമിഴും തെലുങ്കും കന്നഡയും ഹിന്ദിയും താണ്ടുന്ന സമ്മോഹനകാഴ്ച. തെലുങ്കാനയിലെ സ്പെഷ്യൽ ജൂറി പുരസ്കാരവും മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ അതിഥിയായതും ആ ജനപ്രിയതയുടെ ചെറിയ ചെറിയ സാക്ഷ്യങ്ങൾ മാത്രം.
പ്രതീക്ഷകള്‍ക്കും മുകളിലെത്തിയ താരം. കരിയറിന്‍റെ തുടക്കത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ച താരം. ഇതുവരെ ചെയ്തത് 43 സിനിമകൾ. ദുൽഖർ നിർമാതാവാകുന്ന നസ്ല൯-കല്ല്യാണി ചിത്രം ലോക ചാപ്റ്റർ വണ്ണിലൂടെ അതിഥി വേഷത്തിൽ മലയാളത്തിലേക്ക് ദുല്‍ഖറെത്തും. നഹാസ് ഹിദായത്തിന്റെ ഐ ആം ഗെയ്മും ഡിക്യുവിന്‍റെ കരിയര്‍ ബെസ്റ്റാകും. ലക്കി ഭാസ്കറിന്റെ വ൯ വിജയത്തിന് ശേഷം, തമിഴിൽ കാന്തയും തെലുങ്കിൽ ആകാശം ലോ ഓക താരയും പൂർത്തിയാക്കി.