അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ബാബുരാജ് മല്‍സരിക്കരുതെന്ന് നടി മാല പാര്‍വതി മനോരമ ന്യൂസിനോട്.  മോഹന്‍ലാല്‍ രാജിവച്ചത് ബാബുരാജ് ഒഴിയാത്തതിനാലാണ്. അമ്മ പ്രതിസന്ധിയിലാകാതിരിക്കാന്‍ ധാര്‍മികത കാട്ടണമെന്നും വലിയവിഭാഗം തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്നും മാല പര്‍വതി പറഞ്ഞു. 

പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന്ന ജഗദീഷിന്  പൊതുസമൂഹത്തിലുള്ള സ്വീകാര്യത അമ്മയിലില്ലെന്നും വലിയ വിഭാഗം അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് സാഹചര്യമെന്നും മാല പാർവതി മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിക്കുന്ന ബലാൽസംഗക്കേസ് പ്രതി നടൻ ബാബുരാജിനെതിരെ താരസംഘടനയിൽ പ്രതിഷേധം ശക്തം. ബാബുരാജായാലും തന്റെ മക്കളായാലും ആരോപണം വന്നാൽ വിശദീകരിക്കണമെന്ന് നടി മല്ലിക സുകുമാരനും അമ്മ പ്രതിസന്ധിയിലാകാതിരിക്കാൻ ബാബുരാജ് ധാർമികത കാണിക്കണമെന്ന് നടി മാല പാർവതിയും ആവശ്യപ്പെട്ടു. ബാബുരാജ് ഉൾപ്പെടെയുള്ളവർക്ക് നേരെയുണ്ടായ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻലാൽ പ്രസിഡന്റായ മുൻ ഭരണസമിതി രാജിവച്ചത്.

ആരോപണമുണ്ടായപ്പോൾ ദിലീപും വിജയ് ബാബുവും, സിദ്ദിഖും മാറിനിന്നെങ്കിൽ ബാബുരാജിന് മാത്രം എന്ത് പ്രത്യേകതയെന്നാണ് അമ്മ അംഗങ്ങൾക്കിടയിൽ ഉയരുന്ന ചോദ്യം.ചിലർ പുറത്തുപോയശേഷം ആ തീരുമാനം മാറ്റുന്നത് തെറ്റാണെന്ന് പറയുന്നു അമ്മ ആജീവനാന്ത അംഗം മല്ലിക സുകുമാരൻ. 

ENGLISH SUMMARY:

Actress Mala Parvathy told Manorama News that Baburaj should not contest the AMMA executive committee election. She claimed that actor Mohanlal resigned because Baburaj refused to step down. Mala Parvathy also stated that to avoid pushing AMMA into a crisis, ethical responsibility must be shown, and a large section of members are staying away from the election for this reason.