‘ലൂസിഫർ’ സിനിമയുടെ മൂന്നാം ഭാഗത്തെപ്പറ്റി മനസുതുറന്ന് സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരൻ. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ തീരുന്നത് സിനിമയ്ക്ക് ഒരു തുടർച്ച ഉണ്ടാകുമെന്ന് സൂചിപ്പിച്ചാണ്. വിവാദങ്ങള്‍ക്ക് പിന്നാലെ സിനിമ ഉപേക്ഷിച്ചതായി അഭ്യൂഹം പരന്നു.

ഇപ്പോഴിതാ സിനിമയെപ്പറ്റി ആകാംക്ഷ വർധിപ്പിക്കുന്ന പരാമർശങ്ങളുമായി പൃഥ്വിരാജ്. സർസമീൻ എന്ന ഹിന്ദി സിനിമയുടെ റിലീസായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരത്തിന്‍റെ വാക്കുകൾ.

"മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലം പറയുന്ന ഒരു ഭാഗം സിനിമയിൽ (L3) ഉണ്ടാകും. അതൊരു ചെറിയ ഭാഗം മാത്രമാണെങ്കിലും എഐ പോലുള്ള കാര്യങ്ങൾ ഒന്നും ഉപയോഗിക്കാൻ എനിക്ക് താൽപര്യം ഇല്ലായിരുന്നു. ഭാഗ്യത്തിന് പ്രണവ് മോഹൻലാലിന്റെ മുഖം ലാൽ സാറിന്റെ ചെറുപ്പത്തിലെ മുഖവുമായി വളരെ സാമ്യമുള്ളതാണ്. എംപുരാനിലെ ഭാഗം ഷൂട്ട് ചെയ്തതും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാലിന്റെ ഫോട്ടോയുടെ റഫറൻസ് വച്ചാണ്".

അബ്രാം ഖുറേഷിയുടെ മൂന്നാം വരവിന്‍റെ സൂചന നൽകിയാണ് എമ്പുരാൻ അവസാനിപ്പിക്കുന്നത്. എന്നാൽ ചിത്രം വലിയ വിവാദമായി മാറിയതോടെ ഇനി തുടർഭാഗം ഉണ്ടാകുമോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. അതിന് അടിസ്ഥാനമില്ലെന്നാണാ പൃഥ്വിരാജിന്റെ വാക്കുകൾ നൽകുന്ന സൂചന. എൽ ത്രീയിൽ വില്ലന്മാർ ഒരുപാടുണ്ടാകും എന്നും പൃഥ്വിരാജ് അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. 

അതേ സമയം ഇന്ത്യന്‍ സിനിമയ്ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമായി മാറുകയാണ് 2025. ജനുവരി മുതലുള്ള ആദ്യ ആറുമാസത്തില്‍ മാത്രം 100 കോടി കളക്ഷന്‍ പിന്നിട്ടത് 17 ചിത്രങ്ങള്‍. ഇതില്‍ രണ്ടെണ്ണം മോഹന്‍ലാല്‍ ചിത്രങ്ങളാണ് എന്നത് മലയാള സിനിമയ്ക്കും അഭിമാനകരമായ നേട്ടമാണ്. വിക്കി കൗശല്‍ നായകനായ 'ഛാവ'യാണ് ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ സിനിമ. 693 കോടി രൂപ. രണ്ടാം സ്ഥാനത്തുള്ളത് തെലുങ്ക് ചിത്രമായ 'സംക്രാന്തികി വാസ്തുനം'. കളക്ഷൻ 222 കോടി. മൂന്നും നാലും സ്ഥാനത്തുള്ള സിതാരെ സമീന്‍ പര്‍, ഹൗസ് ഫുള്‍ 5 എന്നീ ചിത്രങ്ങള്‍ 200 കോടിക്ക് മുകളില്‍ പണംവാരി. 144 കോടി കളക്ഷനെടുത്ത മോഹന്‍ലാലിന്‍റെ തുടരും ലിസ്റ്റില്‍ എട്ടാമതാണ്. മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍റെ കളക്ഷന്‍ 326 കോടിയാണ്.

ENGLISH SUMMARY:

Lucifer 3 is officially confirmed by director-actor Prithviraj Sukumaran, who dispelled abandonment rumors and revealed Mohanlal's younger self will be portrayed by Pranav Mohanlal without AI. This highly anticipated sequel, following Empuraan, also brings news of multiple villains and arrives as Indian cinema celebrates a record 17 films crossing 100 crore in 2025, including two Mohanlal blockbusters.