ദിലീപ് ചിത്രം ‘ഭഭബ’യിലെ മോഹൻലാലിന്റെ ലുക്ക് പുറത്ത്. താടി ട്രിം ചെയ്ത് മീശ പിരിച്ച ലുക്കിലാണ് മോഹന്‍ലാലിനെ കാണാനാകുന്നത്. ഒരിടവേളയ്ക്കുശേഷം മോഹൻലാലിനെ മീശ പിരിച്ചു കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകരും. ‘ഭഭബ’യിൽ ദിലീപിന്റെ ചേട്ടനായാണ് മോഹൻലാൽ എത്തുന്നതെന്നും കേൾക്കുന്നു.
ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം '. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അതിഥിവേഷത്തിൽ മോഹൻലാൽ എത്തുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പൂർണമായും മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട്.
പുറത്തുവന്ന സ്റ്റില്ലുകളിൽ ഒന്നിൽ പുച്ഛഭാവത്തിൽ മോഹൻലാൽ നോക്കുന്ന ചിത്രമുണ്ട്. ഇത് നാട്ടുരാജാവ് എന്ന സിനിമയിലെ സീനുമായി സാമ്യതയുണ്ടെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ചിത്രത്തിൽ സിദ്ധിഖിന്റെ കഥാപാത്രത്തെ നോക്കി മോഹൻലാലിന്റെ പുലിക്കാട്ടിൽ ചാർലി ഒരു പുച്ഛഭാവം നൽകി നടന്നു പോകുന്ന രംഗമുണ്ട്. ഇതാണ് മോഹൻലാൽ വീണ്ടും റീക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നാണ് ആരാധകർ കുറിക്കുന്നത്.
സത്യൻ അന്തിക്കാട് സംവിധാനംചെയ്യുന്ന ഹൃദയപൂർവമാണ് റിലീസിന് തയ്യാറായി നിൽക്കുന്ന മോഹൻലാൽച്ചിത്രം. അഖിൽ സത്യനാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. മാളവിക മോഹനനാണ് നായിക. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇതിനോടകം വൈറലാണ്.