പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടൻ വെങ്കട്ട് രാജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കകൾ പൂർണ്ണമായും തകരാറിലായതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഖുഷി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്കെത്തുന്നത്. ഒട്ടേറെ ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. ദില്‍, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.
ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ശുപാർശ ചെയ്തിരുന്നുവെങ്കിലും ചെലവേറിയ ചികിത്സ താങ്ങാൻ കുടുംബത്തിന് കഴിയില്ലെന്ന് അറിയിച്ച് മകൾ എത്തിയിരുന്നു. എന്നാല്‍ സഹായിക്കാമെന്ന് പറഞ്ഞ് പലരും പറ്റിച്ചെന്നും കരഞ്ഞ് സഹായം ചോദിച്ചതും വാര്‍ത്തയുണ്ടായിരുന്നു. പ്രഭാസിന്‍റെ സഹായി എന്ന് പരിചയപ്പെടുത്തിയ അജ്ഞാതന്‍ ശസ്ത്രക്രിയയുടെ മുഴുവന്‍ ചെലവും വാഗ്ദാനംചെയ്തുവെന്നായിരുന്നു മകള്‍ വെളിപ്പെടുത്തിയത്. പിന്നാലെ, ഇത് വ്യാജകോളായിരുന്നുവെന്ന് വെളിപ്പെടുത്തി മറ്റൊരു കുടുംബാംഗം രംഗത്തെത്തി.
തെലങ്കാനയിലെ മത്സ്യത്തൊഴിലാളികള്‍ സംസാരിക്കുന്ന പ്രാദേശിക ഭാഷാവകഭേദമാണ് വെങ്കട്ട് രാജ് ഉപയോഗിച്ചിരുന്നത്. അതിനാലാണ് അദ്ദേഹം ഫിഷ് വെങ്കട്ട് എന്ന പേരില്‍ അറിയപ്പെടുന്നത് എന്നാണ് പറയപ്പെടുന്നത്.