സഹോദരൻ മാധവ് സുരേഷിന്റെ അഭിനയം എങ്ങനെയുണ്ടെന്ന വിവാദ യൂട്യൂബ് ചാനല്‍ നീലകുയിലിന്‍റെ ചോദ്യത്തിന് താൻ പാപ്പരാസ്സിക്ക് മറുപടി നൽകില്ല എന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. ടാഗ് ഉള്ള മാധ്യമങ്ങളോടെ താൻ സംസാരിക്കൂ എന്നും ഗോകുൽ സുരേഷ് പറഞ്ഞു.
ജാനകി വി വേർസസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമ കാണാൻ അച്ഛൻ സുരേഷ് ഗോപിയോടൊപ്പം എത്തിയതായിരുന്നു ഗോകുൽ സുരേഷ്. ‘ഞാൻ പാപ്പരാസിക്ക് മറുപടി കൊടുക്കാറില്ല. ടാഗ് ഉള്ള മാധ്യമങ്ങൾക്ക് ഞാൻ മറുപടി കൊടുക്കാം, പാപ്പരാസിക്ക് ഞാൻ മറുപടി നൽകില്ല. നിങ്ങൾ കണ്ടന്റ് വളച്ചൊടിക്കുന്ന ടീം ആണ്. നിങ്ങൾ നിങ്ങളുടെ കണ്ടന്റ്, വിൽക്കുമല്ലോ മീഡിയക്കാർക്ക്. അവർ അതിനെ വളച്ചൊടിക്കും. പത്ത് ഹെഡ്‍ലൈൻ ഇട്ടു വിടും. എനിക്കറിയാം നിങ്ങളെ’ ഗോകുൽ സുരേഷ് പറഞ്ഞു.
ഗോകുൽ വിമർശിച്ചവർ തന്നെയാണ് വിഡിയോ പങ്കുവച്ചതും. വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും ഗോകുലിനെ അഭിനന്ദിക്കുകയാണ്. കഴിഞ്ഞ ദിവസം ചടങ്ങുകളിലും മറ്റു പൊതുസ്ഥലങ്ങളിലും എത്തുന്ന സിനിമാതാരങ്ങളെ പിന്തുടർന്ന് വിഡിയോ പകർത്തി ദ്വയാർത്ഥ തലക്കെട്ടുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന യുട്യൂബർമാർക്ക് പണി കൊടുത്ത് നടൻ സാബുമോൻ അബ്‌ദുസമദ് രംഗത്ത് വന്നിരുന്നു. തന്റെ വിഡിയോ പകർത്താനെത്തിയ ആളുകളുടെ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ ചിത്രീകരിച്ച് പങ്കു വച്ചാണ് സാബുമോൻ ‘പകരം വീട്ടിയത്’.