‘ഫഹദിന് സ്മാർട്ട് ഫോൺ ഇല്ല. ചെറിയൊരു ഫോൺ ആണ് ഉപയോഗിക്കുന്നത്. ഇൻസ്റ്റാഗ്രാം ഒന്നുമില്ല. അതുകൊണ്ട് തന്നെ എനിക്ക് ആ കാര്യത്തിൽ ഫഹദിനോട് അസൂയ ഉണ്ട്’, കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ നടന്‍ വിനയ് ഫോര്‍ട്ട് പറഞ്ഞ വാക്കുകളാണിത് . ഇതിന് പിന്നാലെ ഫഹദിന്‍റെ ഫോണ്‍ ഏതാണെന്നുള്ള തിരച്ചിലിലായിരുന്നു ആരാധകര്‍.
ഇപ്പോഴിതാ ഫഹദ് ഫാസിലും അദ്ദേഹത്തിന്റെ ഫോണുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നസ്‌ലെൻ നായകനാവുന്ന മോളിവുഡ് ടൈംസിന്റെ പൂജ ചടങ്ങുകൾക്ക് വേണ്ടി എത്തിയപ്പോഴായിരുന്നു ഫഹദിന്റെ ചിത്രങ്ങൾ വൈറലായത്. ചടങ്ങിനിടെ ഫഹദ് തന്റെ കീപാഡ് ഫോൺ ഉപയോഗിക്കുന്നതിന്റെയും കോൾ ചെയ്യുന്നതിന്റെയും ചിത്രങ്ങൾ വൈറലായിരുന്നു. ഇതിന് പിന്നാലെ ഏത് ഫോണാണ് ഫഹദ് ഫാസിൽ ഉപയോഗിക്കുന്നതെന്നുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. താരത്തിന്റെ സിമ്പിൾസിറ്റിയാണ് കീപാഡ് ഫോൺ ഉപയോഗിക്കുന്നതെന്നും ചിലർ കമന്റ് ചെയ്തിരുന്നു.
ഇതിനിടെ ആ ഫോൺ എതാണെന്നും സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുണ്ട്. കീപാഡ് ഫോൺ ആണെങ്കിലും വില കേട്ടാല്‍ ഞെട്ടും. ആഗോള ബ്രാൻഡ് ആയ വെർടുവിന്റെ ഫോണാണ് ഫഹദ് ഫാസിൽ ഉപയോഗിക്കുന്നത്. വെർടുവും ഫെരാരിയും ചേർന്ന് പുറത്തിറക്കിയ Vertu Ascent - 4 GB - Black ഫോണാണ് ഇത്. ഈ ഫോണിന് Ebay സൈറ്റിൽ 1199 ഡോളറാണ് വില. ഇന്ത്യൻ രൂപ ഏകദേശം ഒരു ലക്ഷം രൂപയോളം വരും. 2 ഇഞ്ച് QVGA സഫയർ ക്രിസ്റ്റൽ ഡിസ്‌പ്ലേ ആണ് ഫോണിന് ഉള്ളത്. ടൈറ്റാനിയവും ഫെരാരി സ്‌പോർട്‌സ് കാറുകളിൽ ഉപയോഗിക്കുന്ന തുകലും ഫോണിൽ ഉപയോഗിക്കുന്നുണ്ട്. 3G/ക്വാഡ്-ബാൻഡ് GSM പിന്തുണയുള്ള ഫോണിൽ ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി കണക്റ്റിവിറ്റി, ഫ്‌ലാഷോടുകൂടിയ 3-മെഗാപിക്‌സൽ ഓട്ടോഫോക്കസ് ക്യാമറ, 4GB ഓൺബോർഡ് മെമ്മറി എന്നിവയും ഉണ്ട്.