മലയാളത്തിന്‍റെ യുവതാരം പ്രണവ് മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം. പ്രണവിന്‍റെ പിറന്നാളിന് മോഹന്‍ലാല്‍ പങ്കുവച്ച ചിത്രവും ശ്രദ്ധ നേടുകയാണ്. ചിത്രം പങ്കുവച്ച് 'ഹാപ്പി ബെര്‍ത്ത്ഡേ ഡിയര്‍ അപ്പു' എന്നാണ് ലാലേട്ടന്‍ കുറിച്ചത്. പിന്നാലെ കമന്‍റ് ബോക്സില്‍ ആശംസ പ്രവാഹവുമായി ആരാധകരുമെത്തി.
അതേസമയം പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന പ്രണവിന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്‍ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ സ്‍പെഷല്‍ പോസ്റ്റർ ആണ് പുറത്തുവിട്ടത്. പ്രണവ് മോഹൻലാലിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്.
ചിത്രം ഒക്ടോബർ 31നാണ് റിലീസ് ചെയ്യുന്നത്. 'ഭ്രമയുഗം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറേ. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.