diya-alappy-ashraf

TOPICS COVERED

യൂട്യൂബര്‍ ദിയ കൃഷ്​ണയുടെ പ്രസവത്തിന്‍റെ വിഡിയോ പുറത്തുവിട്ടതില്‍ പ്രതികരണവുമായി സംവിധായകന്‍ ആലപ്പി അഷ്​റഫ്. പ്രസവവേദനയോ ഭാവാഭിനയമോ എന്ന തമ്പ്നെയ്​ലോടെയാണ് പ്രസവത്തിന്‍റെ വിശകലന വിഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. കൃഷ്ണകുമാറും കുടുംബവും കണ്ടന്റ് ക്രിയേറ്റേഴ്സ് ആണെന്നും പ്രസവവും ഓസിയുടെ ഒരു കണ്ടന്റ് ആണെന്നും ആലപ്പി അഷ്റഫ് പറയുന്നു. ആമിര്‍ ഖാന്‍ ചിത്രം ത്രീ ഇഡിയറ്റ്​സിലെ സക്സസ്ഫുൾ ഫോർമുലയാണ് ഇവിടെ ദിയയുടെ കാര്യത്തിലും പ്രയോഗിച്ചിരിക്കുന്നതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. മാറ്റങ്ങൾ ഇനിയും വന്നുകൂടായ്കയില്ലെന്നും പ്രസവത്തിനോടൊപ്പം കയ്യടിയും ആർപ്പുവിളിയും മാത്രമല്ല കോമഡി ഷോയും ഡാൻസും പാട്ടും താള മേളാദികളും ഒക്കെ നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആലപ്പി അഷ്റഫിന്‍റെ വാക്കുകള്‍

കഴിഞ്ഞ ആഴ്ചകളിലായി ഏതാണ്ട് മൂന്ന് പ്രസവ വിഡിയോകൾ യൂട്യൂബിൽ റിലീസ് ചെയ്യുകയുണ്ടായി. അതിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയി ഓടിയ പ്രസവം നടൻ കൃഷ്ണകുമാറിന്റെ മകൾ ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയുടേതാണ്. അതിന്റെ പ്രേക്ഷകർ ഏതാണ്ട് ഒരു കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ദിയ ഒരു ആൺകുട്ടിക്കാണ് ജന്മം നൽകിയത്. പിറന്നുവീണപ്പോൾ തന്നെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിലൂടെ ആ കുട്ടി ലക്ഷാധിപതിയായി മാറി. ഇപ്പോഴുള്ള തലമുറയിലെ പെൺകുട്ടികൾ പറയുന്നത് കല്യാണം വേണ്ട ലിവിങ് ടുഗദർ മതി കുട്ടികൾ വേണ്ട പ്രസവിക്കാൻ വയ്യ എന്നൊക്കെയാണ്. എന്നാൽ അതിനൊക്കെ ഒരു അപവാദമായി ദിയാകൃഷ്ണ. ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിച്ചു, ഭർത്താവുമൊത്ത് സന്തോഷപ്രദമായ ഒരു ജീവിതം നയിച്ച് നോർമൽ ഡെലിവറിയിലൂടെ ഒരാൺകുഞ്ഞിന് ജന്മം നൽകി മാതൃകാ ജീവിതം കാഴ്ച വച്ചിരിക്കുകയാണ്.

കൃഷ്ണകുമാറും കുടുംബവും കണ്ടന്റ് ക്രിയേറ്റേഴ്സ് ആണ്. അവർ മറ്റാരുടെയും കണ്ടന്റുകൾ എടുക്കാറില്ല. അവരുടെ വീടും ജീവിതവും ഒക്കെയായി ബന്ധപ്പെട്ട കണ്ടന്റുകളാണ് ചെയ്യാറുള്ളത്. അതിനൊക്കെ അവർക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്സും ഉണ്ട്. ഈ പ്രസവവും ഓസിയുടെ ഒരു കണ്ടന്റ് ആണ്.

ഇന്നത്തെ കാലത്ത് വീട്ടിൽ പ്രസവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പറ്റുമോ? ഇപ്പോൾ ഇവിടെ ദിയാ കൃഷ്ണയ്ക്ക് പ്രസവ സൗകര്യങ്ങൾ ഒരുക്കിയിരുന്നത് തിരുവനന്തപുരത്തെ ആശുപത്രിയിലുള്ള അത്യാധുനിക സൗകര്യമുള്ള സ്വീറ്റ് റൂമിൽ ആയിരുന്നു. പ്രസവ സമയത്ത് ഡോക്ടർമാരും നഴ്സുമാരും കൂടാതെ മാതാപിതാക്കളും സഹോദരിമാരും ആശ്വാസം പകരാനും പ്രോത്സാഹനം കൊടുക്കുവാനും ഒപ്പമുണ്ടായിരുന്നു. ആ പ്രസവത്തിൽ കുടുംബക്കാരോടൊപ്പം പങ്കുചേരുവാനുള്ള സുവർണാവസരം ദിയ തന്റെ യൂട്യൂബ് പ്രേക്ഷകർക്കും ഒരുക്കുകയുണ്ടായി. സെലിബ്രിറ്റികളായ ശ്വേതാ മേനോനും പേളി മാണിയും ഒക്കെ പ്രസവരംഗം ചിത്രീകരിച്ച് ശ്രദ്ധ നേടിയെങ്കിലും അതിൽ ശ്വേതാ മേനോന്റെ പ്രസവം ബ്ലസ്സി സംവിധാനം ചെയ്ത കളിമൺ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. അതായത് സിനിമയ്ക്ക് വേണ്ടി മാത്രം

എന്നാൽ ഒരു മലയാളി സെലിബ്രിറ്റിയുടെ പ്രസവം യൂട്യൂബിൽ ആദ്യമായി വന്നത് പേളി മാണിയുടേതായിരുന്നു. ആ പ്രസവത്തിന്റെ ചിത്രീകരണ വേളയിൽ ആൾക്കൂട്ടമോ ആർഭാടമോ ആർപ്പുവിളികളോ ആഘോഷമോ ഒന്നുമില്ലായിരുന്നു. ശ്വേതാമേനോനും പേളിമാണിക്കും എതിരെ പൊതുസമൂഹത്തിൽ നിന്നും വിമർശനങ്ങളും ഒപ്പം അനുമോദനങ്ങളും കലർന്ന പ്രതികരണമാണ് ഉണ്ടായത്. എന്നാൽ ദിയയുടെ പ്രസവം ഇവരെക്കാൾ ഒക്കെ കൂടുതൽ ശ്രദ്ധ നേടുവാനുള്ള കാരണം സെലിബ്രിറ്റി കുടുംബം മുഴുവനും ഒപ്പമുള്ളതുകൊണ്ടായിരിക്കാം.

2009ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രമായ ത്രീ ഇഡിയറ്റ്സ് എന്ന ആമിർ ഖാൻ ചിത്രത്തിൽ ഒരു പ്രസവരംഗമുണ്ട്. ഒരു സ്ത്രീയുടെ പ്രസവം കുറച്ച് എൻജിനീയറിങ് വിദ്യാർഥികൾ ചേർന്നെടുക്കുന്നു. ആ സിനിമയിലെ ആ പ്രസവരംഗം ശ്വാസം അടക്കിപ്പിടിച്ചേ നമുക്ക് കാണുവാൻ സാധിക്കുകയുള്ളൂ. അന്നത്തെ കാലത്ത് 400 കോടിയാണ് ആ ചിത്രത്തിലൂടെ നിർമാതാവിന് ലഭിച്ചത്. ഒരമ്മ അനുഭവിക്കുന്ന കഠിനമായ പ്രസവവേദനയും പ്രാണൻ പോകുന്ന രീതിയിലുള്ള അവരുടെ നിലവിളിയും ഒക്കെ കാണുന്നത് ഹൃദയഭേദകമാണ്. വിജയം വരിച്ച ആ ചിത്രത്തിലെ സക്സസ്ഫുൾ ഫോർമുലയാണ് ഇവിടെ ദിയയുടെ കാര്യത്തിലും പ്രയോഗിച്ചിരിക്കുന്നത്, ആ ചിത്രത്തിലെ പോലെ തന്നെ അപ്പർ ബോഡി മാത്രമാണ് ലൈവായി കാണിച്ചിട്ടുള്ളത്. ആ ചിത്രത്തിലും കൂടെ നിൽക്കുന്ന കൂട്ടുകാരെല്ലാം ചേർന്ന് പുഷ് പുഷ് പുഷ് കരോ എന്ന് ഉറക്കെ പറയുന്നുണ്ട്. ഇവിടെ ദിയയുടെ കാര്യത്തിലും എല്ലാവരും ചേർന്ന് മുക്ക് മുക്ക് എന്ന് പറയുന്നത് നമുക്ക് കേൾക്കാവുന്നതാണ്. സിനിമയിൽ പ്രസവം കഴിഞ്ഞ ഉടൻ കൂട്ട കയ്യടി. ഇവിടെയും ദിയയുടെ പ്രസവം കഴിഞ്ഞ ഉടൻ കയ്യടിയും ആർപ്പുവിളിയും ഉയർന്നിരുന്നു. രണ്ട് പ്രസവവും ബോക്സ് ഓഫിസിൽ സൂപ്പർ ഹിറ്റ്. പണത്തിന്റെ ചാകര.

ദിയയ്ക്ക് അനുമോദനങ്ങളും ആശംസകളുമായി ലക്ഷക്കണക്കിന് ആളുകൾ എത്തുമ്പോഴും നിശിതമായി വിമർശിച്ചുകൊണ്ടും ചിലരൊക്കെ രംഗത്തു വന്നു. അതിൽ വനിതാ യൂട്യൂബർ ആയ ഒരു സ്ത്രീ പറയുന്നു ദിയ കാണിച്ച പല കാര്യങ്ങളും ഫേക്ക് ആണെന്ന്. വേദന അറിയാതെ പ്രസവിക്കുവാൻ വേണ്ടി എടുക്കുന്ന എപ്പിഡ്യൂറൽ എന്ന ഇൻജെക്ഷൻ എടുത്തു കഴിഞ്ഞാൽ വേദന ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണെന്നാണ് അവരുടെ പക്ഷം.അപ്പോൾ അലറിവിളിച്ചതും വെപ്രാളം കാണിച്ചതും ഒക്കെ വിഡിയോ ഷൂട്ടിങ്ങിന് വേണ്ടിയുള്ള അഭിനയമാണെന്നാണ് അവർ പറയുന്നത്. പ്രസവവേദനതുടങ്ങി കഴിഞ്ഞാൽ എന്തെങ്കിലും കുടിക്കാൻ കൊടുക്കുന്നതല്ലാതെ എനിമ എടുത്ത് വയർ കാലിയാക്കിയിരിക്കുന്ന ഗർഭിണിക്ക് ഒരു ഭക്ഷണവും കഴിക്കാൻ കൊടുക്കാറില്ല. ഇവിടെ എപ്പോഴും ഫീഡിങ് ഫീഡിങ് എന്നവർ പറയുന്നു. ഇതൊരുതരം ‘നയൻതാര’ ലെവലിലുള്ള പ്രസവമാണെന്നും അവർ കളിയാക്കുന്നു. 

ദിയയുടെ അമ്മ സിന്ധു കൃഷ്ണ പറയുന്നുണ്ട് വേദന അറിയാതിരിക്കാനുള്ള ഇൻജക്ഷൻ എടുത്തതുകൊണ്ട് വേദന അധികം അറിയാതെ പ്രസവം നടന്നു എന്ന്. പ്രസവത്തിനു മുമ്പ് മേക്കപ്പ് ചെയ്തതിനെ കുറിച്ചും വിമർശനങ്ങൾ ഉയർന്നുവന്നു. അതൊരുപക്ഷേ പ്രസവം ഷൂട്ട് ചെയ്യുന്നത് കൊണ്ടായിരിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും പൊതുസമൂഹത്തിൽ ഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും ദിയയ്ക്ക് പിന്തുണയുമായി അണിനിരക്കുകയാണ് ഉണ്ടായത്. എത്രത്തോളം വേദന സഹിച്ചാണ് ഒരു അമ്മ കുഞ്ഞിന് ജന്മം നൽകുന്നതെന്ന സത്യത്തിന്റെ നേർക്കാഴ്ചയാണ് നമ്മൾ ഇവിടെ കണ്ടത്.

കാലചക്രം ഇനിയും മുന്നോട്ടു പോകുമ്പോൾ മാറ്റങ്ങൾ ഇനിയും വന്നുകൂടായ്കയില്ല. പ്രസവത്തിനോടൊപ്പം കയ്യടിയും ആർപ്പുവിളിയും മാത്രമല്ല കോമഡി ഷോയും ഡാൻസും പാട്ടും താള മേളാദികളും ഒക്കെ നമുക്ക് പ്രതീക്ഷിക്കാം. എന്തൊക്കെയായാലും സെലിബ്രിറ്റി കുടുംബത്തിൽ പിറവികൊണ്ട സെലിബ്രിറ്റിയായ ദിയയുടെ കുഞ്ഞിനും ദിയയ്ക്കും എല്ലാവിധ നന്മകളും നേരുന്നു.

ENGLISH SUMMARY:

Director Alappuzha Ashraf has reacted to YouTuber Diya Krishna releasing her childbirth video. Ashraf said Krishna Kumar and his family are content creators, and even childbirth has become content for them. He also remarked that the success formula from Aamir Khan’s film 3 Idiots is being applied in Diya’s case as well.