ബാക്ക് ബെഞ്ചേഴ്സ് വലിയ ചര്‍ച്ചയായി മാറിയ മലയാള സിനിമ കണ്ട് പുതിയ പരിഷ്ക്കാരത്തിനൊരുങ്ങുകയാണ് തമിഴ്നാട്. ബാക്ക് ബെഞ്ചിലേക്കു കുട്ടികൾ പിന്തള്ളപ്പെടുന്നത് ഒഴിവാക്കാനുള്ള പരിഷ്ക്കാരമാണ് നടക്കുന്നത്. ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന മലയാള സിനിമയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണിത്. കൊല്ലം വാളകം ആർവിവി ഹൈസ്കൂളിൽ ആരംഭിച്ച ഈ പിൻബഞ്ച് പുറത്താക്കൽ വിപ്ലവമാണ് അതിർത്തികടന്നു തമിഴ്നാട്ടിലുമെത്തിയത്.
ക്ലാസ്മുറികളിലെ ക്രമീകരണം ഉടച്ചുവാര്‍ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ കുട്ടികളെയും ടീച്ചര്‍ക്കും ടീച്ചറെ കുട്ടികള്‍ക്കും കാണാവുന്ന തരത്തിലാണ് സീറ്റ് ക്രമീകരണം. ക്ലാസ് മുറിയിൽ ഒന്നിനുപിറകെ ഒന്നായി ഇടുന്നതിനുപകരം ചുവരുകളോടുചേർത്ത് അർധചതുരാകൃതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതാണു പുതിയ രീതി.
എല്ലാ കുട്ടികൾക്കും മുൻബെഞ്ചിലേക്കു ‘സ്ഥാനക്കയറ്റം’ നൽകുന്ന ഈ സംവിധാനം കേരളത്തിൽ 8 സ്കൂളുകളിലും പഞ്ചാബിൽ ഒരു സ്കൂളിലും ഏർപ്പെടുത്തിയതായി ‘സ്താനാർത്തി ശ്രീക്കുട്ടൻ’ സിനിമയുടെ സംവിധായകൻ വിനേഷ് വിശ്വനാഥൻ പറഞ്ഞു. വാളകം സ്കൂളിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എട്ട് ഡിവിഷനുകളിലാണു പുതിയ ക്രമീകരണം.
സാധാരണ ക്ലാസ് മുറിയിൽ ഇടുന്നതു പോലെ കൂടുതൽ ഡെസ്ക്കുകളും ബെഞ്ചും ഇടാൻ സാധിക്കില്ലെങ്കിലും 35 വിദ്യാർഥികൾക്ക് വരെ ഒരേസമയം ഇങ്ങനെ ഇരിക്കാം. കുട്ടികൾക്കെല്ലാവര്‍ക്കും തുല്യപ്രാധാന്യം ലഭിക്കുമെന്ന വിലയിരുത്തലിലാണ് തമിഴ്നാട് വിദ്യാഭ്യാസവകുപ്പ്.