നടി രശ്മിക മന്ദാനയുടെ പ്രസ്താവനകള്‍ പലപ്പോഴും ട്രോളുകളാവുകയും പരിഹാസമേറ്റുവാങ്ങുകയും ചെയ്യാറുണ്ട്. തന്‍റെ പരാമര്‍ശത്തിലൂടെ രശ്മിക വീണ്ടും എയറിലായിരിക്കുകയാണ്. അനിമലില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ ഒരാളെ സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് രശ്മകയ്ക്കെതിരെ വീണ്ടും പരിഹാസ ശരങ്ങളുയര്‍ത്തുന്നത്.
മോജോ സ്റ്റോറീസിലെ പ്രേക്ഷകരുമൊത്തുള്ള സംവാദത്തിലായിരുന്നു ഈ ചോദ്യം രശ്മികയോട് ഒരു പ്രേക്ഷക ചോദിച്ചത്. 'നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുകയും, തിരിച്ചുസ്‌നേഹിക്കപ്പെടുകയുംചെയ്താല്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു', എന്നായിരുന്നു രശ്മികയുടെ മറുപടി.
അതൊരു റൊമാന്‍റിക് ആശയമാണോ എന്ന് അവതാരക ഒരു വിമര്‍ശന സ്വരത്തോടെ ചോദിച്ചപ്പോള്‍ രശ്മിക തന്‍റെ ഉത്തരം വിശദീകരിച്ചു. 'നിങ്ങള്‍ പങ്കാളിക്കോ, ചെറുപ്പകാലം മുതല്‍ കൂടെയുള്ള ഒരാളുടേയോ ഒപ്പം വളരുന്ന സമയത്ത് നിങ്ങള്‍ വ്യക്തിത്വം രൂപപ്പെടുത്തുകയാണ്. എന്താണ് ഇഷ്ടമെന്നും ഇഷ്ടമല്ലാത്തതെന്നും നിങ്ങള്‍ തിരിച്ചറിയുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ സുഹൃത്തോ പങ്കാളിയോ പത്തുവര്‍ഷം മുമ്പ് എങ്ങനെയായിരുന്നു എന്ന് ആലോചിക്കുമ്പോള്‍ ഇന്നത്തെ വ്യക്തിയിലേക്കുള്ള മാറ്റത്തെക്കുറിച്ച് മനസിലാവും', രശ്മിക വ്യക്തമാക്കി.
ഉടന്‍ തന്നെ കുറിക്ക് കൊള്ളുന്ന മറുപടി ചോദ്യം ചോദിച്ച പ്രേക്ഷകയും നല്‍കി. 'ഇവിടെ ഇരിക്കുന്ന 30കളിലും 40കളിലുമുള്ള സ്ത്രീകള്‍ പറയുന്നു, നിങ്ങള്‍ക്ക് ഒരിക്കലും ഒരു പുരുഷനെ മാറ്റാനാവില്ല' എന്നാണ് പ്രേക്ഷക പറഞ്ഞത്.
ഈ പരിപാടി പുറത്തുവന്നതിന് പിന്നാലെ രശ്മികക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. ഈ സ്ത്രീ വാ തുറക്കാത്തതാണ് നല്ലതെന്നും അവരുടെ തലയില്‍ ഒന്നുമില്ലെന്നും ഒരാള്‍ റെഡ്ഡിറ്റില്‍ കുറിച്ചു. ഓരോ തവണ വാ തുറക്കുമ്പോഴും അവര്‍ മണ്ടത്തരമാണ് പറയുന്നത്. ഒരു മുതിര്‍ന്ന സ്ത്രീ ഇങ്ങനെ സംസാരിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.