സിനിമയിലും ജീവിതത്തിലും തിരുത്തലുകള്‍ തേടിയുള്ള ചികില്‍സയ്ക്കും തുറന്നുപറച്ചിലുകള്‍ക്കുമിടയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രം സൂത്രവാക്യം ഇന്ന് പ്രദര്‍ശനത്തിനെത്തും. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് ഷൈന്‍ തന്നോട് മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസ് പരാതിപ്പെട്ടത് വിവാദമായിരുന്നു.
ചിത്രത്തിന്‍റെ ഇന്‍റേണല്‍ കംപ്ളയിന്‍റ്സ് കമ്മറ്റി അന്വേഷണം തുടരുന്നതിനിടെ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തുവെന്ന് വ്യക്തമാക്കി വിന്‍സിയും ഷൈനും ചിത്രത്തിന്‍റെ പ്രചാരണാര്‍ഥം മാധ്യമങ്ങളെ കണ്ടിരുന്നു. നവാഗതനായ യൂജീന്‍ ജോസ് ചിറമ്മേല്‍ ഷൈന്‍ ടോം ചാക്കോയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ വിന്‍സി അലോഷ്യസിനൊപ്പം ദീപക് പറമ്പോലും മുഖ്യവേഷത്തിലെത്തുന്നു.
ക്രിസ്റ്റോ സേവ്യര്‍ എന്ന പൊലീസുകാരനായാണ് ഷൈന്‍ ചിത്രത്തിലെത്തുന്നത്. സസ്പെന്‍സ് ത്രില്ലറായ സൂത്രവാക്യം പക്ഷെ ഷൈനിനെതിരായ വിന്‍സിയുടെ വെളിപ്പെടുത്തല്‍കൊണ്ടാണ് ആദ്യം വാര്‍ത്തകളില്‍ ഇടം നേടിയത്. ആരോപണങ്ങളില്‍ സിനിമയുടെ ഇന്‍റേണല്‍ കംപ്ളെയിന്‍റ്സ് കമ്മറ്റി അന്വേഷണം തുടങ്ങിയതോടെ സൂത്രവാക്യത്തിന്‍റെ റിലീസ് പ്രതിസന്ധിയിലായി.
കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് പരിശോധനയ്ക്കിടയില്‍ ചാടിപ്പോയ ഷൈന്‍ താന്‍ ലഹരി ഉപയോഗിക്കുന്നയാളാണെന്ന് ചോദ്യചെയ്യലില്‍ വെളിപ്പെടുത്തി. ചികില്‍സയുമായി മുന്നോട്ടുപോകവെയാണ് കാറപകടത്തില്‍ ഷൈനിന് അച്ഛനെ നഷ്ടമാകുന്നതും. സിനിമയിലും ജീവിത്തിലുമുണ്ടായ അനിശ്ചിതത്വത്തിനിടയില്‍ ലഹരിവിട്ടുള്ള തിരിച്ചുവരവിലാണ് സൂത്രവാക്യം സിനിമയുടെ പ്രചാരണാര്‍ഥം ഷൈന്‍ മാധ്യമങ്ങളെ കണ്ടതും.
സഹപ്രവര്‍ത്തകയായ വിന്‍സി തനിക്കെതിരെ ഉയര്‍ത്തിയ ലഹരി ആരോപണങ്ങളില്‍ ഷൈന്‍ പരസ്യമായി ക്ഷമ ചോദിച്ചു. വിന്‍സിയുമൊത്ത് നടത്തിയ ആ വാര്‍ത്താസമ്മേളനത്തില്‍ സിനിമയാണ് തന്‍റെ ലഹരിയെന്ന തിരിച്ചറിവുകൂടി പങ്കുവച്ചാണ് സൂത്രവാക്യവുമായി ഷൈന്‍ പ്രേക്ഷകരിലേക്ക് തിരിച്ചെത്തുന്നത്.