ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളും പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയില്‍ നിന്നുള്ള തിരിച്ചുവരവിലായിരുന്നു നടന്‍ ഷൈന്‍ ടോം ചാക്കോ. ജൂൺ ആറിന് ലഹരി മോചന ചികിത്സയുടെ ആവശ്യത്തിനായി ബെംഗളൂരുവിലേക്കു നടത്തിയ യാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് ഷൈനിന്‍റെ പിതാവ് സി.പി.ചാക്കോയെ നഷ്ടമായത്. ഇതിന് ശേഷം താന്‍മദ്യപാനവും മറ്റ് ലഹരിയും ഉപേക്ഷിച്ചെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ഷൈനിന്‍റെ പെരുമാറ്റം വാര്‍ത്തകളില്‍ നിറയുകയാണ്.
എറണാകുളം കോടനാട് ഒരു ബാര്‍ ഉദ്ഘാടനം ചെയ്യാന്‍ ഷൈന്‍ എത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ബാറില്‍ നിന്നുള്ള പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉദ്ഘാടനത്തിന് എത്തിയ പലര്‍ക്കും ഷൈന്‍ തന്നെയാണ് മദ്യം ഒഴിച്ച് നല്‍കുന്നത്. ഇതില്‍ ഷൈനിന്റെ പെരുമാറ്റമാണ് വിമര്‍ശന വിധേയമായിരിക്കുന്നത്. ഷൈന്‍ പഴയ ശരീരഭാഷയിലേക്ക് തിരിച്ചു പോയതായി പലരും കമന്റ് ബോക്‌സില്‍ സംശയം പ്രകടിപ്പിക്കുന്നു.
എന്നാല്‍ ഉദ്ഘാടന ചടങ്ങിനിടെ താന്‍ അടിക്കുന്നില്ലെന്നും ഈ സാധനം അടിച്ചാല്‍ ഓഫ് ആകില്ലേ എന്നും ഷൈന്‍ അവിടെ കൂടിയവരോട് ചോദിക്കുന്നുണ്ട്. വലിയ വിമര്‍ശനങ്ങളാണ് ഷൈന്‍ മദ്യം ഒഴിച്ചു കൊടുക്കുന്ന വീഡിയോയ്ക്ക് താഴെയുള്ള കമന്റ് ബോക്‌സില്‍ വരുന്നത്. ഇതാണോ ഒരു കലാകാരന്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം, നന്മ, കഷ്ടം എന്നാണ് ഒരാള്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഇവന്‍ പിന്നെയും തുടങ്ങിയോ എന്നാണ് മറ്റൊരാള്‍ സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ താന്‍ കഴിക്കുന്നില്ലെന്ന് താരം തന്നെ വ്യക്തമാക്കുന്നുണ്ടെങ്കിലും ലഹരിയില്‍ നിന്ന് മോചനം നേടിയ ഒരാള്‍ എന്തിനാണ് ബാര്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതെന്നും അതിലൂടെ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും പലരും ചോദിക്കുന്നുണ്ട്. ഇവന്‍ പിന്നെയും തുടങ്ങിയോ എന്നാണ് കമന്‍റുകള്‍.