Image Credit: Instagram
പാക് ചലച്ചിത്ര താരം ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീഞ്ഞഴുകിയ നിലയിലായിരുന്നു മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നത്. ഒന്‍പത് മാസം മുന്‍പ് മരണം സംഭവിച്ചുവെന്നാണ് കറാച്ചി പൊലീസ് സര്‍ജന്‍ ഡോ. സുമയ്യ സഈദ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുറിച്ചിരിക്കുന്നത്. 2024 ഒക്ടോബര്‍ 24നാണ് ഹുമൈറയുടെ ഫോണ്‍ അവസാനമായി ഉപയോഗിക്കപ്പെട്ടതെന്നും പൊലീസ് കണ്ടെത്തി. സെപ്റ്റംബറിലോ ഒക്ടോബറിലോ മറ്റോ ആണ് താരത്തെ അവസാനമായി പുറത്തേക്ക് കണ്ടതെന്ന് അയല്‍വാസികളും പറയുന്നു.
ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ഹുമൈറയുടെ ഫ്ലാറ്റിലേക്കുള്ള വൈദ്യുതി ബന്ധം 2024 ഒക്ടോബറില്‍ വിച്ഛേദിച്ചിരുന്നു. മെഴുകുതിരികള്‍ പോലും വീടിനുള്ളില്‍ നിന്ന് കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് പോലും ഹുമൈറ അറിഞ്ഞിട്ടുണ്ടാവില്ലെന്നും അതിന് മുന്‍പേ മരണം സംഭവിച്ചിരിക്കാമെന്നും പൊലീസ് അനുമാനിക്കുന്നു. അടുക്കളയില്‍ മിക്സിയുടെ ജാര്‍ തുരുമ്പിച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പുറത്ത് ഇരുന്ന ഭക്ഷണത്തിന് ആറുമാസത്തെയെങ്കിലും പഴക്കമുണ്ടെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ഹുമൈറ താമസിച്ചിരുന്ന നിലയില്‍ മറ്റു ഫ്ലാറ്റുകളും അടഞ്ഞു കിടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം ചീഞ്ഞളിഞ്ഞതിന്‍റെ ദുര്‍ഗന്ധം ആര്‍ക്കും അനുഭവപ്പെട്ടിരുന്നില്ലെന്നും ഫ്ലാറ്റിലെ മറ്റുതാമസക്കാര്‍ വ്യക്തമാക്കി. ഫെബ്രുവരിയിലാണ് സമീപത്തെ ഫ്ലാറ്റിലെ ചിലര്‍ എത്തിയത്. അപ്പോഴേക്കും ദുര്‍ഗന്ധം മാറിയിരുന്നുവെന്നാണ് അനുമാസം. ബാല്‍ക്കണിയുടെ വാതിലുകളിലൊന്ന് തുറന്ന് കിടക്കുകയായിരുന്നു. വെള്ളം വരുന്ന പൈപ്പുകള്‍ വരണ്ട്, തുരുമ്പിച്ച നിലയിലായിരുന്നുവെന്നും ഫ്ലാറ്റ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Image Credit: Instagram
അതേസമയം, ഹുമൈറയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ സംഭവം വാര്‍ത്തയായതിന് പിന്നാലെ സഹോദരന്‍ നവീദ് അസ്ഗര്‍ കറാച്ചിയിലെത്തി. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തി മൃതദേഹം ഹുമൈറയുടേതെന്ന് തന്നെ ഉറപ്പിക്കുകയായിരുന്നു. ഏഴു വര്‍ഷം മുന്‍പ് ലഹോറില്‍ നിന്നും കറാച്ചിയിലേക്ക് ഹുമൈറ താമസം മാറിയിരുന്നുവെന്നും കുടുംബവുമായി കാര്യമായ ബന്ധം സൂക്ഷിച്ചിരുന്നില്ലെന്നുമാണ് സഹോദരന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. അപൂര്‍വമായി മാത്രമാണ് വീട്ടിലെത്തിയിരുന്നത്. ഒന്നര വര്‍ഷത്തോളമായി വീടുമായി ബന്ധമുണ്ടായിരുന്നില്ല. ഹുമൈറ മരിച്ചുവെന്ന് പൊലീസ് അറിയിച്ചപ്പോള്‍, അത്യാവശ്യമുണ്ടെങ്കില്‍ നിങ്ങള്‍ തന്നെ മറവ് ചെയ്തോളൂ എന്നാണ് ഹുമൈറയുടെ പിതാവ് പറഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മാസങ്ങളായി വീട്ടുവാടക താരം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലാറ്റുടമ പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചതും താരത്തിന്‍റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതും.
ലഹോര്‍ സ്വദേശിയായ ഹുമൈറ 2015ലാണ് അഭിനയ രംഗത്ത് സജീവമായത്. ജസ്റ്റ് മാരീഡ്, എഹ്സാന്‍ ഫറമോഷ്, ഗുരു, ചല്‍ ദില്‍ മേരെ തുടങ്ങിയ സീരിയലുകളിലും ജലൈബി, ലവ് വാക്സീന്‍ എന്ന സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2022 ല്‍ തമാശ ഘര്‍ എന്ന റിയാലിറ്റി ഷോയിലും താരം പ്രത്യക്ഷപ്പെട്ടു. 2023 ല്‍ ബെസ്റ്റ് എമര്‍ജിങ് ടാലന്‍റ് ആന്‍റ് റൈസിങ് സ്റ്റാര്‍ പുരസ്കാരവും ലഭിച്ചിരുന്നു.