വര്‍ഷങ്ങളായി അഭിനയ രംഗത്തുണ്ടെങ്കിലും ഈയിടെ ഒരു അഭിമുഖത്തിലൂടെയാണ് ഗിരിജ ഓക്ക് ശ്രദ്ധേയമായത്. ഒരു ഹിന്ദി യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ നിന്നുള്ള ക്ലിപ്പ് വൈറലായതോടെ 37-ാം വയസില്‍ ഗിരിജ ഓക്ക് 'നാഷണൽ ക്രഷ്' ആയി. ഞൊടിയിടയില്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ പറ്റി സംസാരിക്കുകയാണ് ഗിരിജ ഓക്ക്.
ഇതുപോലെയൊന്ന് സംഭവിക്കാന്‍ പോവുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു, ഇത്തരം കാര്യങ്ങളൊന്നും ആര്‍ക്കും മുന്‍കൂട്ടി അറിയാന്‍ കഴിയില്ലല്ലോ എന്നുമാണ് ഗിരിജ ലാലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. വൈറലായതിന് പിന്നാലെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ലൈംഗികചുവയോടെയുള്ള ചിത്രങ്ങളും ഓണ്‍ലൈനില്‍ പ്രചിരിക്കുന്നുണ്ടെന്നും ഗിരിജ ഓക്ക് പറഞ്ഞു.
''ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു. ചില ചിത്രങ്ങള്‍ വസ്ത്രങ്ങളില്ലാത്ത രീതിയില്‍ എഡിറ്റ് ചെയ്തു. വിചിത്ര കാര്യങ്ങള്‍ ചെയ്യുന്ന വിഡിയോകളുമുണ്ട്. ഇവ എന്നന്നേക്കുമായി ഓണ്‍ലൈനില്‍ നിലനില്‍ക്കും. ഇന്ന് എന്‍റെ മകന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നില്ല. ചിലപ്പോള്‍ എന്നെങ്കിലും ഉപയോഗിക്കുമ്പോള്‍ ഇത് കണ്ടേക്കാം''.
ചിത്രങ്ങൾ വ്യാജമാണെന്ന് ആളുകൾക്ക് അറിയാമെങ്കിലും, അതിന്റെ ആഘാതം അതേപടി തുടരുമെന്നും ഗിരിജ ഓക്ക് പറഞ്ഞു. ''ചിത്രങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്‍റെ മകനും ഒരു ദിവസം ഇതറിയും. എന്നാല്‍ ചിത്രം കാണുന്ന സമയം ഒരു നിമിഷത്തേക്ക് എങ്കിലും അവന്‍ ചിന്തിക്കും'' ഗിരിജ പറഞ്ഞു. അസ്വസ്ഥതയുണ്ടക്കുന്ന മെസേജുകള്‍ വരാറുണ്ടെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
'നിനക്ക് വേണ്ടി ഞാനെല്ലാം ചെയ്യാം. ഒരു അവസരം തരൂ. മറ്റൊരാള്‍ എന്‍റെ റേറ്റ് ചോദിച്ചു. ഒരു മണിക്കൂറിന് എത്രയാണ് റേറ്റ്'', ഇതുപോലുള്ള നിരവധി മെസേജുകള്‍ വരുന്നുണ്ട്. ഇത്തരക്കാര്‍ നേരിട്ട് കാണുകയാണെങ്കില്‍ തലയുയര്‍ത്തി നോക്കുകപോലുമില്ല. മറയുടെ പിന്നില്‍ നിന്ന് ആളുകളെന്തും വിളിച്ചു പറയും. എന്നാല്‍ മുന്നില്‍ വച്ച് സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കും, ഗിരിജ പറഞ്ഞു.
മറാഠി, ഹിന്ദി, കന്നഡ സിനിമകളില്‍ അഭിനയിച്ച താരമാണ് ഗിരിജ ഓക്ക്. ബോളിവുഡ് ഹിറ്റുകളായ താരേ സമീൻ പർ (2007), ഷോർ ഇൻ ദി സിറ്റി (2010), കൂടാതെ ജവാൻ (2023) എന്ന ചിത്രങ്ങളിലും ഗിരിജ അഭിനയിച്ചിട്ടുണ്ട്.