പാതിരാത്രിയിലും ഉണര്‍ന്നിരിക്കുന്ന കൊച്ചി നഗരത്തിലാണ് കേരളത്തിലെ പ്രമുഖ നടി വാഹനത്തില്‍ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായത്. കൃത്യമായ ആസൂത്രണത്തോടെ നടിയെ പിന്തുടര്‍ന്ന് പ്രതികള്‍ നടപ്പിലാക്കിയ കുറ്റകൃത്യം ഞെട്ടലോടെ മണിക്കൂറുകള്‍ക്കകം കേരളമറിഞ്ഞു. അതുവരെ പലരും പുറത്തുപറയാന്‍ മടിച്ച സിനിമ ലോകത്തെ ക്വട്ടേഷന്‍ മാഫിയയുടെ തനിനിറം പുറത്തായ കേസ് കൂടിയാണിത്.
17 ഫെബ്രുവരി 2017ന് തൃശൂര്‍ കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് തൃശൂരിലെ വീട്ടില്‍ നിന്ന് യാത്രതിരിക്കുന്നതുവരെ ആ നടിക്ക് അതൊരു സാധാരണ ദിവസമായിരുന്നു. തന്നെ കാത്തിരിക്കുന്ന ദുര്‍വിധിയെ കുറിച്ച് അവര്‍ക്ക് ഒരു സൂചനയുമുണ്ടായിരുന്നില്ല. എന്നാല്‍ ആ ക്രിമിനല്‍ സംഘം ദിവസങ്ങള്‍ക്ക് മുന്‍പേ എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു.
നടിയെ കൊച്ചിയിലെത്തിക്കാന്‍ നിയോഗിച്ച വാഹനത്തിന്‍റെ ഡ്രൈവിങ് സീറ്റില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണി. KL 39F 5744 എന്ന വെളുത്ത മഹീന്ദ്ര XUVയില്‍ മാര്‍ട്ടിനോടൊപ്പം നടി കൊച്ചിയിലേക്ക് പുറപ്പെടുന്നു. നടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് സഞ്ചാരപാതയടക്കം കൃത്യമായി മാര്‍ട്ടിന്‍ മൊബൈലിലൂടെ കൂട്ടാളികളെ അറിയിച്ചു.
മാര്‍ട്ടിന്‍ നടിയുമായി വരുന്നതും കാത്ത് അങ്കമാലി അഡ്ലക്സ് ഓഡിറ്റോറിയത്തിന് മുന്നില്‍ പള്‍സര്‍ സുനിയും കൂട്ടാളികളും വൈകീട്ട് ഏഴ് മുതല്‍ നിലയുറപ്പിച്ചു. KL60A9338 എന്ന വെള്ളയും മഞ്ഞയും നിറത്തിലുള്ള ട്രാവലറിലായിരുന്നു സംഘം. ഈ വാഹനത്തില്‍ നടിയെ കയറ്റി ആക്രമിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായിരുന്നു പദ്ധതി. കാറ്ററിങ് ജോലികള്‍ക്കായി ഉപയോഗിക്കുന്ന ട്രാവലറിന്‍റെ പുറകിലെ സീറ്റുകളടക്കം നീക്കം ചെയ്ത് കുറ്റകൃത്യത്തിന് സജ്ജമാക്കി.
നടി സഞ്ചരിച്ച കാറിനെ അങ്കമാലിയില്‍ നിന്ന് പള്‍സര്‍ സുനിയും കൂട്ടരും അവരുടെ വാഹനത്തില്‍ പിന്തുടര്‍ന്നു. സുനിയോടൊപ്പം മൂന്നാം പ്രതി തമ്മനം മണി, നാലാം പ്രതി വി.പി. വിജീഷും വാഹനത്തില്‍.
അത്താണി ജംക്ഷന്‍ കഴിഞ്ഞ് കോട്ടായിയില്‍ എത്തിയതോടെ പള്‍സര്‍ സുനി ഓടിച്ച വാന്‍ നടിയുടെ കാറിന് പുറകില്‍ ഇടിച്ചു. ഇതോടെ ഇരു വാഹനങ്ങളും വഴിയരികില്‍ നിര്‍ത്തി. നടിയുടെ കാറിന്‍റെ ഡ്രൈവര്‍ മാര്‍ട്ടിനും സുനിയോടൊപ്പം ടെമ്പോയിലുണ്ടായിരുന്ന മറ്റ് രണ്ടുപേരുമായി വാക്കുതര്‍ക്കം.
മുന്‍കൂട്ടി തയാറാക്കിയ പ്ലാനിന്‍റെ തുടര്‍ച്ചയായിരുന്നു അപകട നാടകം. ഇതിനിടെ തമ്മനം മണിയും വിജീഷും കാറില്‍ കയറി നടിയുടെ ഇടവും വലവുമായി ഇരിപ്പുറപ്പിച്ചു. നടിയുടെ കൈകള്‍ ബലമായി പിടിച്ച് വാ പൊത്തിപ്പിടിച്ചു. മൊബൈലും കൈവശപ്പെടുത്തി. അവിടെ നിന്ന് കൊച്ചി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.
കളമശേരി അപ്പോളോ ടയേഴ്സിന് സമീപത്തെ ബസ് സ്റ്റോപ്പിന് സമീപമെത്തിയപ്പോള്‍ രണ്ട് വാഹനങ്ങളും ഒതുക്കി. നടിയുടെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ മാര്‍ട്ടിനും നാലാംപ്രതി വിജീഷും ടെമ്പോ ട്രാവലറിലേക്ക്. പകരം പള്‍സര്‍ സുനി നടിയുടെ വാഹനത്തിലേക്ക്. മൂന്നാം പ്രതി തമ്മനം മണി നടിയുടെ കാറിന്‍റെ ഡ്രൈവിങ് സീറ്റിലേക്ക് മാറി. അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിമും ചാത്തങ്കരി പ്രദീപും ഇവിടെവെച്ച് ടെമ്പോ ട്രാവലറിലും കയറി. തുടര്‍ന്നുള്ള യാത്രയിലാണ് നടി പീഡനത്തിനിരയായത്.
KL 39F 5744 എന്ന വെളുത്ത മഹീന്ദ്ര XUVയില്‍ വെച്ചാണ് നടിയെ പള്‍സര്‍ സുനി ആക്രമിച്ചത്. ലൈംഗികമായി ഉപദ്രവിച്ചതിന് പുറമെ മൊബൈലില്‍ ദൃശ്യങ്ങളും പകര്‍ത്തി. നടിയുടെ ഐഡന്‍റിറ്റി ഉറപ്പാക്കാന്‍ മോതിരം കൃത്യമായി കാണുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയായിരുന്നു ക്രൂരത. എല്ലാം ക്വട്ടേഷന്‍റെ ഭാഗമാണെന്ന് നടിയോട് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍.
ആക്രമണത്തിന് ശേഷം നടിയുമായി ക്രിമിനല്‍ സംഘം നഗരത്തില്‍ പലവഴികളിലൂടെ സഞ്ചരിച്ചു. പാലാരിവട്ടത്ത് നിന്ന് കാക്കനാട്ടേക്കും വെണ്ണലയിലേക്കും നീണ്ട യാത്രയ്ക്കിടയില്‍ ഈ വിവരം പുറത്തുപറയരുതെന്ന് പ്രതികള്‍ നടിയെ ഭീഷണിപ്പെടുത്തി. ക്വട്ടേഷന്‍ നല്‍കിയ ആള്‍ വൈകാതെ നടിയെ ബന്ധപ്പെടുമെന്നും മറുപടി.
പ്ലാന്‍ നടപ്പിലാക്കിയ ശേഷം പ്രതികള്‍ മുന്‍നിശ്ചയപ്രകാരം പലവഴിക്ക് പിരിഞ്ഞു. നടിയെ പടമുഗളില്‍ സംവിധായകന്‍ ലാലിന്‍റെ വീട്ടില്‍ ഇറക്കിവിട്ടു. പള്‍സര്‍ സുനിയുടെ നിര്‍ദേശപ്രകാരം രണ്ടാംപ്രതി മാര്‍ട്ടിന്‍ തന്നെയാണ് നടിയെ ഇവിടെയെത്തിച്ചതും. ആക്രമണത്തിന്‍റെ വിവരങ്ങള്‍ നടി പുറത്തുപറയില്ലെന്ന ആത്മവിശ്വാസമായിരുന്നു പ്രതികള്‍ക്ക്. എന്നാല്‍ ക്രിമിനല്‍ സംഘത്തിന്‍റെ കണക്കുകള്‍ പിഴച്ചു. താന്‍ നേരിട്ട ദുരനുഭവം അടക്കിവെച്ച് സഹിക്കേണ്ടതല്ലെന്നായിരുന്നു ആ യുവനടിയുടെ തീരുമാനം.