നടന്‍ കൃഷ്ണകുമാറിന്‍റെ മകളും വ്ളോഗറുമായ ദിയ കൃഷ്ണയാണ് സോഷ്യല്‍ മീഡിയയിലെ താരം. ദിയ പങ്കുവെച്ച ഡെലിവറി വ്ളോഗ് എട്ട് മില്യണ്‍ വ്യൂസിലേക്ക് അടുക്കുകയാണ്. ദിയയുടെ പ്രസവ വിഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധിപേര്‍ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ദിയയെ പിന്തുണച്ച് എത്തിയിരിക്കുകയാണ്.
പ്രസവിക്കാൻ ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോള്‍ ഗര്‍ഭിണി അനുഭവിക്കുന്ന ഒറ്റപ്പെടൽ, ഭയം, ചില നഴ്സ്മാരുടെ പരിഹാസം, മാനസിക സംഘർഷമൊക്കെ ഒരു പെണ്ണിനെ അറിയു എന്നും പ്രസവശേഷം ബന്ധുക്കളെ കാണുമ്പോഴേ ശ്വാസം നേരെ വീഴൂ എന്നും ഭാഗ്യലക്ഷ്മി പറയുന്നു. സ്നേഹിക്കുന്നവർക്ക് നടുവിൽ കിടന്ന് പ്രസവിച്ച ദിയയും പിറന്നു വീണ ആ കുഞ്ഞും ഭാഗ്യം ചെയ്തവരാണെന്നും പലർക്കും കിട്ടാതെ പോയ അപൂർവ്വ ഭാഗ്യമാണതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പണ്ടൊക്കെ ഒരു ഗർഭിണിയെ പ്രസവിക്കാൻ ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോ അവൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ, ഭയം. വേദന കൊണ്ട് കരഞ്ഞ് നിലവിളിക്കുമ്പോ ചില നഴ്സ്മാരുടെ പരിഹാസവും, അതിലൂടെ അവൾ അനുഭവിച്ചിരുന്ന മാനസിക സംഘർഷവും. അത് ആ പെണ്ണിനേ അറിയൂ. പിന്നീട് ബന്ധുക്കളെ കാണുമ്പോഴേ അവൾക്ക് ശ്വാസം നേരെയാവൂ. ദിയയുടെ പ്രസവം ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.
സ്നേഹങ്ങൾക്ക് നടുവിൽ സ്നേഹിക്കുന്നവർക്ക് നടുവിൽ കിടന്ന് പ്രസവിച്ച ദിയയും പിറന്നു വീണ ആ കുഞ്ഞും ഭാഗ്യം ചെയ്തവരാണ്. അമ്മയും അച്ഛനും ഭർത്താവും,സഹോദരിമാരും ചുറ്റിനും നിന്ന് ആ പെൺകുട്ടിക്ക് കൊടുത്ത ആത്മ ധൈര്യം,സ്നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയി. നമ്മളിൽ പലർക്കും കിട്ടാതെ പോയ അപൂർവ്വ ഭാഗ്യമാണത്. അത് ഞങ്ങൾ സ്ത്രീകൾക്കേ മനസിലാവൂ.
അമ്മ പെങ്ങമ്മാരെ, പെൺമക്കളെ മനസിലാവാത്തവർക്ക് അത് വെറുമൊരു പ്രക്രിയയാണ്., മകളുടെ, ഭാര്യയുടെ, ചേച്ചിയുടെ, അനിയത്തിയുടെ അങ്ങനെ എത്ര വിവിധ ഭാവങ്ങളായിരുന്നു അവിടെ നമ്മൾ കണ്ടത്. ആ കുടുംബത്തെ പ്രശംസിക്കാതിരിക്കാനാവില്ല.. സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുമ്പോ ഞാനും വിതുമ്പി പോയി... സന്തോഷമായിരിക്കട്ടേ അവർ എന്നും ഇതേപോലെ... Congratulations to krishnakumar and family.