Image Credit : Facebook
ഐശ്വര്യ റായ് വളരെ നല്ലൊരു അമ്മയാണെന്നും അവര്‍ മകളെ വളര്‍ത്തുന്ന രീതി പ്രശംസനീയമാണെന്നും അഭിഷേക് ബച്ചന്‍. ആരാധ്യ നല്ല കുട്ടിയാണ്. മകളെ ഇത്ര നന്നായി വളര്‍ത്തിയെടുത്തതിന്‍റെ മുഴുവന്‍ ക്രെഡിറ്റും ഭാര്യ ഐശ്വര്യയ്ക്കാണെന്നും അഭിഷേക് ബച്ചന്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് ബച്ചന്‍ മകളുടെ വിശേഷങ്ങള്‍ പങ്കുവച്ചത്. ആരാധ്യയ്ക്ക് മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇല്ലെന്നും അഭിഷേക് ബച്ചന്‍ വ്യക്തമാക്കി.
അഭിഷേക് ബച്ചന്‍റെ വാക്കുകള്‍ ഇങ്ങനെ...
'ആരാധ്യയെ ഇത്ര നന്നായി വളര്‍ത്തിയെടുത്തതിന്‍റെ മുഴുവന്‍ ക്രെഡിറ്റും അവളുടെ അമ്മ ഐശ്വര്യയ്ക്കുളളതാണ്. ഞാനെപ്പോഴും ഷൂട്ടിങ് തിരക്കുകളുമായി പുറത്തായിരിക്കും. ഐശ്വര്യയാണ് മകളെ വളര്‍ത്തിയെടുക്കുന്നതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഐശ്വര്യ ഒരു അല്‍ഭുതം തന്നെയാണ്. ഒട്ടും സ്വാര്‍ത്ഥതയില്ലാത്തവള്‍. മകളോടുളള ഉത്തരാദിത്വങ്ങളെല്ലാം അതിശയകരമാം വിധം നിര്‍വഹിക്കുന്നവള്‍. ഇത് അമ്മമാര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്ന് തോന്നുന്നു. അച്ഛന്മാര്‍ പൊതുവേ പുറത്ത് പോകുക, ജോലി ചെയ്യുക , സമ്പാദിക്കുക, ലക്ഷ്യത്തിനായി പ്രയത്നിക്കുക ഇത്തരം കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാറ്. മറിച്ച് എന്‍റെ കുഞ്ഞിനാണ് ഏറ്റവും മുന്‍ഗണന, അത് കഴിഞ്ഞേയുളളൂ മറ്റെന്തും എന്ന് പറയാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. അത് അമ്മമാര്‍ക്ക് മാത്രം സാധ്യമായ കാര്യവുമാണ്. അതുകൊണ്ടുതന്നെ മറ്റെല്ലാം മാറ്റിവച്ച് ആരാധ്യയെ ഇത്ര നന്നായി വളര്‍ത്തിയെടുത്തതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഐശ്വര്യയ്ക്ക് തന്നെയാണ്'.
കൗമാരക്കാരെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കേന്ദ്രീരിക്കുന്ന കാലമാണിത്. എന്നാല്‍ അക്കാര്യത്തിലും ആരാധ്യ വ്യത്യസ്താണ്. തന്‍റെ മകള്‍ക്ക് മൊബൈല്‍ ഫോണോ സോഷ്യല്‍ മീഡിയ അക്കൗണ്ടോ ഇല്ലെന്ന് അഭിഷേക് ബച്ചന്‍ പറയുന്നു. 'അവളെ ഉത്തരവാദിത്വബോധമുള്ള പെൺകുട്ടിയായി വളർത്തിയെടുത്തു എന്നുതന്നെയാണ് എന്‍റെ വിശ്വാസം. അവളുടെ വ്യക്തിത്വത്തെ മാറ്റിമറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവള്‍ എങ്ങനെയാണോ അങ്ങനെ തന്നെയാണ്. ഒരു കൊച്ചുയുവതിയായി അവള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അവൾ ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാനവും സന്തോഷവും ആണ്. അതുകൊണ്ടുതന്നെ, ഞങ്ങൾ ഭാഗ്യശാലികളാണെന്ന് പറയാം. എല്ലാത്തിനുമൊടുവില്‍ തിരക്കുകളെല്ലാം കഴിഞ്ഞ് സന്തോഷവും സമാധാനവുമുളള കുടുംബത്തിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ മനസുഖം ഒന്നുവേറെ തന്നെയാണെന്നും' അഭിഷേക് ബച്ചന്‍ പറയുന്നു.