നിർമാതാവ് സാന്ദ്ര തോമസിനെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസുമായി ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ് നവമാധ്യമങ്ങളിലൂടെ ഉൾപ്പെടെ അപമാനിച്ചുവെന്നാണ് ലിസ്റ്റിന്‍റെ ആരോപണം. സംഘടിതമായ തീരുമാനമാണ് മാനനഷ്ടക്കേസെന്ന് സാന്ദ്ര പ്രതികരിച്ചു.
തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരിൽ നിന്ന് പണം വാങ്ങി മലയാളത്തിലെ നിർമാതാക്കൾക്ക് നൽകി ലിസ്റ്റിൻ സിനിമയെ നശിപ്പിക്കുന്നുവെന്ന സാന്ദ്രയുടെ ആരോപണത്തിലാണ് ലിസ്റ്റിന്‍റെ നടപടി. എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. രണ്ടു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. എന്നാൽ ലിസ്റ്റിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞ സാന്ദ്ര കേസിനെ നിയമപരമായി നേരിടുമെന്ന് അറിയിച്ചു.
പ്രൊഡക്ഷൻ കൺട്രോളർമാരെ സാന്ദ്ര തോമസ് അപമാനിച്ചെന്ന് ആരോപിച്ച് ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.