സൈബറിടത്താകെ വൈറല്‍ ദിയ കൃഷ്ണയുടെ ഡെലിവറി വ്ലോഗാണ്. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് ദിയയുടേയും അശ്വിന്റേയും കുഞ്ഞിന്റെ പേര്. കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് ദിയ വ്ലോഗ് ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സൈബറിടത്ത് ചര്‍ച്ച നടക്കുന്നുണ്ട്. ഈ അവസരത്തില്‍ വീണ്ടും ശ്രദ്ധനേടുകയാണ് ബ്ലസി ചിത്രം കളിമണ്ണ്. 2013ൽ ബ്ലെസി എഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് കളിമണ്ണ്. മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിന്‍റെ ബീജം സ്വീകരിച്ച് ഗർഭിണിയാകുന്ന യുവതിയുടെ കഥയാണ് കളിമണ്ണിലൂടെ ബ്ലെസി പറയുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ശ്വേതാ മേനോന്‍റെ പ്രസവചിത്രീകരണം അന്ന് വലിയ വിവാദമായിരുന്നു.
വാണിജ്യ ആവശ്യങ്ങൾക്കായി മാതൃത്വത്തെ ചൂഷണം ചെയ്യാനും പ്രേക്ഷകരെ അവരുടെ സിനിമ കാണാൻ ക്യൂ നിർത്താനും വേണ്ടി നടിയായ ശ്വേതയും സംവിധായകനായ ബ്ലെസ്സിയും ചേർന്ന് തന്ത്രമൊരുക്കിയതാണ് എന്നായിരുന്നു ചിത്രത്തിനെതിരെയുള്ള പ്രധാന ആരോപണം. രാഷ്ട്രിയ നേതാക്കള്‍ പലരും സിനിമയുടെ ചിത്രീകരണത്തിനെതിരെ രംഗത്ത് വന്നിരുന്നു. മനോരമ ന്യൂസിന്റെ ‘ന്യൂസ്‌മേക്കർ’ സംവാദത്തിൽ ശ്വേത ഈ വിഷയത്തെ പറ്റി സംസാരിച്ചിരുന്നു. ചിത്രത്തിനു പ്രദർശന അനുമതി നൽകുന്നതിനു മുൻപു വനിതാ കമ്മിഷനുവേണ്ടി പ്രത്യേക പ്രദർശനം നടത്തണമെന്ന് അംഗങ്ങൾ സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇടപെടൽ അനാവശ്യമാണ്. പ്രശസ്‌തിക്കോ സിനിമയുടെ പരസ്യത്തിനോ അല്ല പ്രസവ ചിത്രീകരണത്തിനു സമ്മതം നൽകിയത്. സിനിമ കാണാതെ ആളുകൾ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത് വിഷമമുണ്ടാക്കി. കുട്ടിയുടെ സ്വകാര്യത അമ്മ ഇല്ലാതാക്കിയെന്ന ആരോപണം അസംബന്ധമാണെന്നും ശ്വേത പറഞ്ഞു.
അന്ന് ശ്വേതമേനാന്‍ പറഞ്ഞത് ഇങ്ങനെ
'കളിമണ്ണ് സിനിമക്ക് വേണ്ടി ഞാൻ ഗർഭിണി ആയതൊന്നുമല്ല. ബ്ലെസ്സി ഏട്ടൻ ഇങ്ങനെ ഒരു ആശയം പറഞ്ഞപ്പോൾ ഏറ്റെടുത്തു എന്ന് മാത്രം. അത് ഇങ്ങനെ ഒരു സിനിമ ആകും എന്നൊന്നും ഓർത്തിരുന്നില്ല. ഗർഭിണി ആയിരിക്കുമ്പോൾ ഇത്ര ഷൂട്ട് ചെയ്യാൻ പറ്റൂ എന്നും, ബാക്കി ഡെലിവറി കഴിഞ്ഞശേഷം ആയിരിക്കും എന്നും തീരുമാനിച്ചിരുന്നു.' ശ്വേത മേനോൻ പറഞ്ഞു. 'കാരണം ഗർഭിണി ആയിരുന്നപ്പോൾ നൃത്തം ചെയ്യാൻ ഒന്നും ആകില്ലായിരുന്നു. പിന്നെ ഒന്ന് ഒന്നേകാൽ വർഷം ആണ് ഷൂട്ട് ചെയ്യാൻ എടുത്തത്. നോർമൽ ഡെലിവറി ആയതുകൊണ്ടാണ് കളിമണ്ണ് എന്ന സിനിമ ഉണ്ടായത്. അല്ലെങ്കിൽ ആ സിനിമ ഇല്ല.' ശ്വേത പറഞ്ഞു.